വടകര: (vatakara.truevisionnews.com) നവംബർ 14, 15 തീയ്യതികളിലായി ബംഗളൂരുവിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളും പങ്കെടുക്കുന്നു.
തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടിയാണ് മേമുണ്ടയുടെ ശാസ്ത്രനാടകം ‘തല’ ബംഗളൂരുവിൽ അരങ്ങേറുന്നത്.
ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം ആണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിന് ആദിത്യമരുളുന്നത് .
കേരളം, കർണാടക, തമിഴ്‌നാട് , തെലങ്കാന, പോണ്ടിച്ചേരി എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 10 ശാസ്ത്രനാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് . ഇതിൽ വിജയിക്കുന്ന രണ്ട് നാടകങ്ങൾ ദേശീയ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കും.
‘തല’യുടെ രചനയും സംവിധാനവും നിർവഹിച്ചത് സംവിധായകൻ ജിനോ ജോസഫാണ്. സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ ജിനോ ജോസഫിനായിരുന്നു മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്. നാടകത്തിലെ ഇഷാൻ സംസ്ഥാനത്തെ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു .
ഇത് ആറാം തവണയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട പങ്കെടുക്കുന്നത്. ശാസ്ത്രകുതുകിയായ ഒരു വിദ്യാർഥി തന്റെ നാട്ടിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നതും അവസാനം ശാസ്ത്രത്തിൻ്റെ കൈപിടിച്ച് ആ നാടിനെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം.
യാഷിൻറാം, ലാമിയ, നീഹാർ ഗൗതം, അദ്രിനാഥ്, ഇഷാൻ, ഫിദൽഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിതിൻ എന്നിവർ വേഷമിടുന്നു. ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാൻ യാത്രയാകുന്ന മേമുണ്ട സ്കൂൾ ശാസ്ത്രനാടക ടീമിനെ പി.ടി.എ, മാനേജ്മെന്റ്, സ്റ്റാഫ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
#Bengaluru #tala #memunda #higher #secondary #school #participate #south #indian #science #drama #competition #sixth #time