വടകര:(https://vatakara.truevisionnews.com/) വടകര എസ്‌ഐ ആയിരിക്കെ പോലീസ് സ്റ്റേഷനിലെത്തിയ ആളെ മര്‍ദിച്ച സംഭവത്തില്‍ തൃശൂര്‍ ഡിവൈഎസ്പി പി.എം.മനോജിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.
2011ല്‍ പി.എം.മനോജ് വടകര എസ്‌ഐ ആയിരിക്കുമ്പോഴാണ് മര്‍ദനം നടന്നത്. സ്റ്റേഷനില്‍ എത്തിയ സിപിഐ പ്രാദേശിക നേതാവായ മണിയൂര്‍ കുറുന്തോടിയിലെ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിക്കുകയും അന്യായമായി ലോക്കപ്പിലിടുകയും ചെയ്തു.
സംഭവത്തില്‍ നടപടി തേടി രഞ്ജിത്ത് നല്‍കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പി.എം.മനോജിന് ശിക്ഷ വിധിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ പി.എം.മനോജിന് സിഐയായും പിന്നീട് ഡിവൈഎസ്പിയായും പ്രൊമോഷനും ലഭിച്ചു.
സഹോദരനും അയല്‍വാസിയും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് അന്നത്തെ വടകര എസ്‌ഐ പി.എം.മനോജ് രഞ്ജിത്തിനെ വിളിപ്പിച്ചത്. ഇതു പ്രകാരം പോലീസ് സ്റ്റേഷനില്‍ ചെന്ന രഞ്ജിത്തിനെ എസ്‌ഐ പി.എം.മനോജും എഎസ്‌ഐ മുഹമ്മദും ചേര്‍ന്ന് സ്റ്റേഷനിലും ലോക്കപ്പിലുമിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനകേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ വടകര മജിസ്‌ട്രേറ്റ് കോടതി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി മാറിയ പി.എം.മനോജിന് ഒരുമാസത്തെ തടവുശിക്ഷ വിധിച്ചു.
കൂട്ടുപ്രതി എഎസ്‌ഐ മുഹമ്മദിനെയും ശിക്ഷിച്ചു. കോഴിക്കോട് സെഷന്‍സ് കോടതി അപ്പീല്‍ പരിശോധിച്ച് ശിക്ഷ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ പി.എം. മനോജ് ഹൈക്കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ സമര്‍പ്പിച്ചു. ഇതില്‍ തീര്‍പാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.
DySP P.M. Manoj suspended



































