---
title: "വടകര എംഡിഎംഎ കേസ്: മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലഹരിവ്യാപാരം; മുഖ്യപ്രതി ഷിന്റോ ഷിബുവിന് രാജ്യാന്തര ബന്ധമെന്ന് പോലീസ്"
english_title: "Vadakara MDMA Case: Drug Trade Using Dead Man’s ID; Shinto Linked to International Network"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391689/vadakara-mdma-case-shinto-international-links"
published_at: "2026-11-15T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af926108fbfb_vadakara-mdma-case-shinto-international-links.jpg"
keywords: ["MDMACase", "VadakaraNews", "DrugNetwork", "ShintoShibu", "KeralaPolice"]
---

# വടകര എംഡിഎംഎ കേസ്: മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലഹരിവ്യാപാരം; മുഖ്യപ്രതി ഷിന്റോ ഷിബുവിന് രാജ്യാന്തര ബന്ധമെന്ന് പോലീസ്

> **Lead Summary:** വടകര : അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

## Article Content

വടകര : അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഹൈദരാബാദിൽ ഒളിവിൽ കഴിയുന്നതിനിടെ മരിച്ചുപോയ ദിൽഷാദ് എന്നയാളുടെ പേരും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ഇയാൾ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണസംഘം പറയുന്നു.

ദിൽഷാദിന്റെ ഐഡി കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ചായിരുന്നു ഷിന്റോയുടെ ലഹരിവ്യാപാരമെന്നാണ് പോലീസ് കണ്ടെത്തിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പോലീസ് ഷിന്റോ ഷിബുവിനെ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട ഈ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

ജൂൺ 28ന് പുലർച്ചെ രണ്ടുമണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽവച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിന്റെ തുടക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കേസിൽ അധ്യാപികമാർക്കും പങ്കുണ്ടെന്ന വിവരം പുറത്തുവന്നത്.

പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശിയുമായ കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവർ പിന്നാലെ അറസ്റ്റിലായിരുന്നു.

മുഖ്യപ്രതി ഷിന്റോ ഷിബുവിന്റെ അറസ്റ്റോടെ കേസിലെ രാജ്യാന്തര ലഹരി ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

Police say the main accused in the Vadakara MDMA case, Wayanad native Shinto Shibu, used the identity documents and mobile number of a deceased man, Dilshad, to run drug transactions. Investigators believe he is a key link in an international narcotics network and are also probing large financial transfers through the accused’s bank accounts.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391689/vadakara-mdma-case-shinto-international-links)