Jun 24, 2022 12:10 AM

വടകര: വടകര സിഐ രാജേഷിനെ വയനാട്ടിലേക്ക് മാറ്റിയതിന് പിന്നിൽ വ്യാജരേഖ നിർമ്മിച്ചതിന് കേസെടുത്തതിനാലെന്ന് സൂചന. വൈദ്യുതി കണക്ഷൻ കെട്ടിട ഉടമയുടെ പേരിൽ നിന്നും മാറ്റാൻ വ്യാജരേഖ ചമച്ച സംഭവത്തിൽ കേസെടുത്തതിന്റെ പേരിലാണ് പോലീസ് ഓഫീസർക്ക് സ്ഥലംമാറ്റമെന്ന് ആരോപണം. വയനാട് സൈബർ സെല്ലിലേക്കാണ് സ്ഥലം മാറ്റം.

തന്റെ പേരിലുള്ള കെട്ടിടത്തിലെ കെഎസ്ഇബി കണക്ഷൻ വ്യാജ രേഖകൾ ഉപയോഗിച്ച് മാറ്റിയെന്ന ചോറോട് പഞ്ചായത്ത് പെരുവാട്ടുംതാഴയിലെ റോക്കി എൻക്ലേവ് ഉടമ ചെറുവത്ത് സി കെ സുരേന്ദ്രൻ പരാതിയിൽ സേവറി റസ്റ്റോറന്റും ബേക്കറിയും നടത്തുന്ന ചൊക്ലി അണിയാരം മാണിക്കോത്ത് കുഞ്ഞിമൂസ, ഷെബിൻ കുഞ്ഞിമൂസ സ്ഥാപനത്തിന്റെ ഇലക്ട്രിക്കൽ സൂപ്പർവൈസർ കോഴിക്കോട് സ്വദേശി ഷൈജു, ജീവനക്കാരായ അഞ്ജലി അശോകൻ, വി പി ദിനേശൻ എന്നിവർക്കെതിരെ വടകര പോലീസ് കേസെടുത്തിരുന്നു.

കേസെടുക്കരുതെന്ന ഭരണകക്ഷി നേതാവിന്റെ നിർദ്ദേശം വകവെക്കാത്തതാണ് സി ഐ യുടെ സ്ഥലംമാറ്റത്തിന് കാരണമായി പറയപ്പെടുന്നത്‌. വ്യാജരേഖ ചമച്ചത് സംബന്ധിച്ച് പോലീസ് കേസെടുത്തിട്ട് ആഴ്ചയിലേറെയായി. സിഐ യെ സ്ഥലംമാറ്റി ഉത്തരവ് വന്നതോടെയാണ് ഇതിനുപിന്നിൽ സേവറി വിഷയമാണെന്ന പ്രചരണം ഉയർന്നത്.

സേവറി റസ്റ്റോറന്റ് നടത്തുന്ന കുഞ്ഞിമൂസയുടെ പേരിലേക്ക് സർവീസ് കണക്ഷൻ മാറ്റുന്നതിനായി 2020 ഫെബ്രുവരി ഒന്നിന് 2 മുദ്ര കടലാസുകളിൽ കൺസെന്റ് ലെറ്റർ കെട്ടിട ഉടമ സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കെഎസ്ഇബി മുട്ടുങ്ങൽ ഓഫീസിലും ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ മാറ്റാൻ വ്യാജ ഒപ്പിട്ട് സത്യവാങ്മൂലം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലും നൽകിയെന്നാണ് കെട്ടിട ഉടമ സുരേന്ദ്രന്റെ പരാതി. സുരേന്ദ്രന്റെ പേരിലുള്ള ഡീസൽ ജനറേറ്റർ ഷെയർ ചെയ്യാനുള്ള അനുമതി പത്രത്തിനു വേണ്ടി വ്യാജ ഒപ്പിട്ട അപേക്ഷയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിൽ നൽകി.

3 രേഖകളും സുരേന്ദ്രൻ വിവരാവകാശ നിയമപ്രകാരം വാങ്ങി നോക്കിയപ്പോഴാണ് വ്യാജ ഒപ്പം ആണെന്ന് മനസ്സിലായതെന്ന് സുരേന്ദ്രൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒപ്പിൽ സംശയം തോന്നിയ സുരേന്ദ്രൻ ചെന്നൈയിലെ ട്രൂത് ലാബ് ഫോറൻസിക് സർവീസിൽ ശരിയായ ഒപ്പും രേഖകളിലെ ഒപ്പും പരിശോധനയ്ക്ക് അയച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമാവുന്നത്.

ഇതുസംബന്ധിച്ച പരിശോധനാഫലം ഉൾപ്പെടെയാണ് പോലീസിൽ പരാതി നൽകിയത്. റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി വടകര എസ് എച്ച് ഒ വിന് അന്വേഷണം നടത്താൻ കൈമാറുകയായിരുന്നു. ഇതേതുടർന്നാണ് സിഐ എം രാജേഷ് അന്വേഷണം നടത്തി കേസെടുത്തത്. കെഎസ്ഇബിയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടന്നും ഇവർ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.

Transfer of Vadakara CI; There are indications that a case has been registered for forging documents

Next TV

Top Stories