Sep 27, 2022 08:37 AM

വടകര : സിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വടകര പോലീസ്‌സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സ്റ്റേഷനിലെ പൊലീസുകാരിൽ അമർഷം പുകയുന്നു. വനിതാ പൊലീസുകാർ ഉൾപ്പെടെ മാനസിക സമ്മർദ്ദം നേരിടുന്നതായും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യം.

കൊയിലാണ്ടി സ്വദേശിയായ പോലീസുകാരനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്റ്റേഷന്റെ ഒന്നാംനിലയിലെ മുറിയിൽക്കയറി വാതിലടച്ച് ഫാനിൽ കൈലി കെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസുകാർ വാതിൽ തകർത്ത് ഉള്ളിൽക്കയറിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

പോലീസുകാരനെ വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് വിധേയമാക്കി. തന്റെ മുന്നിലുള്ള വഴി ആത്മഹത്യമാത്രമാണെന്നും കടുത്ത മാനസിക സമ്മർദത്തിലാണെന്നും കാണിച്ച് ശബ്ദസന്ദേശം അയച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഞായറാഴ്ച വൈകി ഡ്യൂട്ടിക്ക്, ഹാജരായതുമായി ബന്ധപ്പെട്ട് പോലീസുകാരന് ഇൻസ്പെക്ടർ പി.എം. മനോജ് മെമ്മോ നൽകിയിരുന്നു. ഇതിനുള്ള മറുപടി തിങ്കളാഴ്ച നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് സ്വീകരിച്ചില്ല.

തുടർന്ന് വി.ആർ.എസ്. വേണമെന്ന രീതിയിൽ എഴുതിനൽകി. ഇൻസ്പെക്ടറുടെ നിർദേശപ്രകാരം ഇയാൾ ഡിവൈ.എസ്.പി.യെയും കണ്ടിരുന്നു. പിന്നീടാണ് ആത്മഹത്യാശ്രമം നടന്നത്.ഇൻസ്പെക്ടറുടെ പെരുമാറ്റമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസുകാരൻ ആശുപത്രിയിൽ മൊഴിനൽകി.

കഴിഞ്ഞമാസം പോലീസ് കസ്റ്റഡിയിൽ എടുത്ത കല്ലേരി സ്വദേശി സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ് മരിച്ചതിനെ തുടർന്ന് ഇവിടെയുള്ള മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. ഇതേ തുടർന്ന് പകരം വന്ന പോലീസുകാരാണ് നിലവിൽ സ്റ്റേഷനിൽ ഉള്ളത്.

അതേസമയം, മെമ്മോ നൽകിയതും മറ്റും ജോലിസംബന്ധമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇത് പോലീസിൽ സാധാരണമാണെന്നും ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടി.പി. ശ്രീജിത്തും പോലീസുകാരനിൽ നിന്നും ഇൻസ്പെക്ടർ പി.എം. മനോജിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രശ്നത്തിൻ പൊലീസ് അസോസിയേഷനും ഇടപെട്ടിട്ടുണ്ട്.

Suicide attempt; Anger is simmering in Vadakara police, a high-level investigation is needed

Next TV

Top Stories










News Roundup