വടകര: (vatakara.truevisionnews.com)ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രഭൂമി കൈയ്യേറി കെട്ടിടം പണിയാനുള്ള ഏറാമല ഗ്രാമപഞ്ചായത്തിന്റെ ശ്രമം വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞു.
അടിസ്ഥാന രേഖകൾ പ്രകാരം ഓർക്കാട്ടേരി ഗണപതു ദേവസ്വത്തിന് കീഴിലുള്ള ഈ ഭൂമി ഇടക്കാലത്ത് ചില ഗൂഢാലോചനയുടെ ഫലമായി ഗ്രാമപഞ്ചായത്തിന്റെ പേരിലാക്കിയെന്ന് ആരോപിച്ചാണ് നിർമാണ നീക്കം തടഞ്ഞത്.
നേരത്തെ ഇങ്ങനെ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള ക്ഷേത്രഭൂമി സംരക്ഷണ സമിതി രംഗത്ത് വരികയും പ്രവർത്തനം തടഞ്ഞ് അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ക്ഷേത്രഭൂമി സംബന്ധിച്ച് വടകര കോടതിയിൽ വ്യവഹാരം നടന്ന് കൊണ്ടിരിക്കുകയാണ്. ഈ കേസ് നിലനിൽക്കെയാണ് ഗ്രാമപഞ്ചായത്ത് നിർമാണ പ്രവൃത്തി ആരംഭിക്കാൻ ശ്രമിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ ഹിന്ദുവിരുദ്ധ നടപടിക്കെതിരെ നവംബർ 17 ന് ലക്ഷംദീപ സമർപ്പണം നടക്കും.
നേരത്തെയുള്ള രേഖപ്രകാരം ഈ സ്ഥലത്ത് ഒരു ഗണപതി ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നത്. ഗണപതി ക്ഷേത്രം നിലനിന്ന സ്ഥലത്തെ അരയാൽ ഉൾപ്പെടെ മുറിച്ചുമാറ്റിയാണ് നിർമാണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ്-ആർഎംപിഐ കൂട്ടുകെട്ട് ശ്രമിക്കുന്നത്.
പഞ്ചായത്തിന്റെ ഹിന്ദു വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ഓർക്കാട്ടേരിയിൽ ഹിന്ദുഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
രമേശ് കുമാർ എം.എം, രാജേഷ് മാണിക്കോത്ത്, ശ്രീജിത്ത് ഇല്ലം, ടി.കെ. വാസു, രവി പൗർണമി, ടി.കെ.ആർ ദാസ്, ടി.ടി.കെ.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി
#attempt #encroach #temple #land #Orkkatteri #construct #building #stopped