വടകര : (vatakara.truevisionnews.com) നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപ്രസിദ്ധവുമായ കാർത്തികപ്പള്ളി ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ ജീർണ്ണാവസ്ഥയിലായ തീർത്ഥക്കുളവും മണിക്കിണറും ഗതകാല പ്രൗഢിയോടെ പുനർനിർമ്മിക്കാനുള്ള ദീർഘകാല പരിശ്രമം യാഥാർത്ഥ്യമായി. നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ടാണ് ലക്ഷ്യം പൂർത്തിയായതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
അറുപത് ലക്ഷം രൂപയോളം ചിലവഴിച്ചാണ് നവീകരണം സാധ്യമാക്കിയത് എന്ന് ഭാരവാഹികൾ പറഞ്ഞു. കിഴക്കും പടിഞ്ഞാറും കടവുകളും, ചുറ്റുപാടും സ്റ്റീൽ കൈവരികളും ഉള്ളതാണ് പുതിയ തീർത്ഥക്കുളം. ഈ പുതിയ തീർത്ഥക്കുളം ക്ഷേത്രത്തിൻ്റെ മുഖ്യ ജലസ്രോതസ്സ് മാത്രമല്ല ചുറ്റുപാടുമുള്ള നിരവധി വീടുകളിലെ കിണറുകളിൽ വർദ്ധിച്ച ഉറവിനും കാരണമാവുകയും ചെയ്തിട്ടുണ്ട്. കിഴക്ക് ഭാഗത്ത് "തീർത്ഥക്കുളം" ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.
'ക്ഷേത്രക്കുളം പുനർനിർമ്മാണത്തിനായി ടി.കെ. വാസു (പ്രസിഡന്റ്), കെ.പി. സദു (സെക്രട്ടറി), എ. കൃഷ്ണൻ (ഖജാൻജി) എന്നിവരുൾപ്പെടുന്ന കമ്മറ്റിയുടെ പരിശ്രമമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
നിലവിലെ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ , നായമ്മോളി ബാലകൃഷ്ണൻ (പ്രസിഡന്റ്), കെ.പി. സുരേഷ് ബാബു (സെക്രട്ടറി), പി.കെ. രാജേഷ് മാസ്റ്റർ (ഖജാൻജി), കൂട്ടാക്കൂൽ ഗോപാലൻ, മലയിൽ ദാമുക്കുറുപ്പ് (വൈസ് പ്രസിഡന്റ്), പടിക്കാത്ത് രവീന്ദ്രൻ, കെ. രാജഗോപാലൻ (ജോ: സെക്രട്ടറിമാർ) എന്നിവരാണ്.
പുനർ നിർമ്മിച്ച തീർത്ഥക്കുളം, മണക്കിണർ എന്നിവ ക്ഷേത്ര പുനഃപ്രതിഷ്ഠാ ദിനം കൂടിയായ 2026 മെയ് മാസം 18-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വയനാട് നരനാരായണാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി ദേവിക്ക് സമർപ്പിക്കുന്നു.
പുനഃപ്രതിഷ്ഠാ ദിനത്തിൽ വിശേഷാൽ ഗണപതിഹോമം, മദ്ധ്യാഹ്ന പൂജ മുതൽ രാത്രിവരെ നടക്കുന്ന വിവിധ ചടങ്ങുകൾ, ഉച്ചക്ക് 12 മണിക്ക് നടക്കുന്ന തീർത്ഥക്കുള സമർപ്പണം, വിവിധ കലാപരിപാടികൾ, അന്നദാന ചടങ്ങ് എന്നിവയും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കൊടക്കാട്ട് രാജഗോപാലൻ അറിയിച്ചു.
The dream of the country; dedication and rededication day of the Tirthakula in Karthikappally












































