---
title: " കറുകയില്‍ പ്രദേശത്തെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം; കെ.കെ.രമ എം.എല്‍.എ"
english_title: "Violence in Karuka: KK Rema MLA demands immediate arrest of all accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42592/violence-in-karuka-kk-rema-mla-demands-immediate-arrest-of-all-accused"
published_at: "2022-05-13T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e53304ec7b_kk rema mla .jpg"
keywords: []
---

#  കറുകയില്‍ പ്രദേശത്തെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം; കെ.കെ.രമ എം.എല്‍.എ

> **Lead Summary:** വടകര: നിരന്തരം അക്രമസംഭവങ്ങളുണ്ടാക്കി പുതുപ്പണം കറുകയില്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

## Article Content

വടകര: നിരന്തരം അക്രമസംഭവങ്ങളുണ്ടാക്കി പുതുപ്പണം കറുകയില്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

അക്രമത്തിനിരയായ അരങ്ങില്‍ അജ്മലിനേയും, കോരന്റവിട ഷഹീം, പള്ളിത്താഴ സജീര്‍ എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. അത്യന്തം അപലപനീയമായ സംഭവങ്ങളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം അക്രമങ്ങളിലേക്ക് തിരിയുന്നത് നാടിന് നല്ലതല്ല. രാഷ്ട്രീയമായി ഉയര്‍ന്ന വിഷയങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. വീടുകള്‍ കയറി അക്രമം നടത്തിയ പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ഇതിന് പൊലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ ദിവസവും ഇരുട്ടിന്റെ മറവില്‍ വീടുകള്‍ക്കു നേരെ അക്രമം നടന്നിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘങ്ങളാണ് ഏകപക്ഷീയമായ തുടര്‍ച്ചയായ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് എന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. ഒരു പ്രദേശത്തിന്റെ സമാധാനം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ സാമൂഹ്യദ്രോഹികളെ നിലയ്ക്കുനിര്‍ത്താന്‍ പൊലിസ് തയ്യാറാവണം.

അക്രമത്തിനെതിരെ കക്ഷിഭേദമെന്യേ പൊതുസമൂഹം ഒന്നിച്ചു നില്‍ക്കണം. ഇതിനു നേതൃത്വം നല്‍കിയ നാലുപേര്‍ ഇതിനോടകം പൊലിസ് പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെക്കൂടെ അടിയന്തിരമായി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനും, പ്രദേശത്ത് പൊലിസ് പട്രോളിങ്ങ് ശക്തമാക്കനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

നഗരസഭാ പ്രതിപക്ഷ നേതാവ് വി.കെ അസീസ് , പി.എം മുസ്തഫ, ആര്‍.എം.പി.ഐ നേതാവ് ഇ.കെ.പ്രദീപ്കുമാര്‍, റഫീഖ്, പി. സെതകത് എന്നിവരും ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42592/violence-in-karuka-kk-rema-mla-demands-immediate-arrest-of-all-accused)