വടകര:(vatakara.truevisionnews.com) നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടകര ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഐ.ടി.ഐകളെ പുതിയ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
നൂതന കോഴ്‌സുകള്‍, വ്യവസായ മേഖലയിലെ പ്രായോഗിക പരിശീലനം, ആധുനിക ഉപകരണങ്ങള്‍ എന്നിവയിലൂടെ പുതിയ തൊഴില്‍ പരിശീലനത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിന് നല്‍കുന്ന മുന്‍ഗണനയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത്. പഠിച്ചവര്‍ പണിയെടുക്കണം, പണിയെടുക്കുന്നവര്‍ മുന്നേറണം എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




വില്യാപ്പള്ളി മംഗലോറ മലയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള 1.7 ഏക്കര്‍ സ്ഥലത്ത് 6.96 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്. ക്ലാസ് റൂം, വര്‍ക്ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയവ ഉള്‍പ്പെടുന്ന നൂതന രീതിയില്‍ രൂപകല്‍പന ചെയ്ത കെട്ടിടം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ മൂന്ന് ട്രേഡുകളാണ് ഐ.ടി.ഐയിലുള്ളത്.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സിമി, കെ സുബിഷ, രജിത കോളിയോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ എം ബാബു, അസി. എഞ്ചിനീയര്‍ സുരഭി, പ്രിന്‍സിപ്പല്‍ ഇ സിന്ധു, ഡി ഡി സുരേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രാഗിണി തച്ചോളി തുടങ്ങിയവര്‍ സംസാരിച്ചു.
'Employment opportunities will be ensured through innovative technical education' - Minister V Sivankutty Vadakara Govt. Minister dedicates new building of ITI