വടകര: (vatakaranews.in) കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബർ 22 മുതൽ ജനുവരി എട്ട് വരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കും.
കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ൽപ്പരം കരകൗശല വിദഗ്ധരും എത്തുന്നുണ്ട്. നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളിൽ ഇടം നേടിയ അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് സർഗാലയയുടെ 11-ാമത് എഡിഷൻ കലാ-കരകൗശല മേള സംഘടിപ്പിക്കുന്നത്.
ഡിസംബർ 22ന് മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കും. പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സർക്കാർ വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
പാർട്‌ണർ രാജ്യമായി ശ്രീലങ്ക മേളയിൽ പങ്കെടുക്കും. കരകൗശല വിദദ്ധർ ഒരുക്കുന്ന കരകൗശല പ്രദർശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫ് ഹാൻഡിക്രാഫ്‌ട്‌സ് ഒരുക്കുന്ന കരകൗശല പ്രദർശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവിലിയൻ, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള 'ഗ്രീൻ മൊബിലിറ്റി എക്സ്പോ', കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവയും ഒരുക്കുന്നുണ്ട്.
മെഡിക്കൽ സപ്പോർട്ട് ഡെസ്കും സൗജന്യ ബി.എൽ.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇരിങ്ങൽ സർഗാലയയിൽ നടന്ന വാർത്താസമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ, സർഗാലയ ചിഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി.ഭാസ്ക്കരൻ, ജനറൽ മാനേജർ ടി.കെ. രാജേഷ്, ഹോസ്‌പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ക്രാഫ്ട്സ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.
#Sargalaya #prepares #magic #handicrafts #International #Arts #CraftsFair #January