തിരുവള്ളൂർ: (vatakara.truevisionnews.com ) തുരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വത്തിൽ ഉള്ള ഭരണ സമിതി നടത്തുന്ന പ്രചരണം ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
തിരുവള്ളൂരിൽ മാത്രം സെക്രട്ടറിമാരെയും മറ്റു ഉദ്യോഗസ്ഥരെയും അടിക്കടി സ്ഥലം മാറ്റുന്നു എന്ന നിലയിലാണ് പ്രചരണം.




എന്നാൽ കഴിഞ്ഞ നാലുവർഷത്തിനിടയിൽ സർക്കാർ അനുചിതമായി ആരെയും സ്ഥലം മാറ്റിയിട്ടില്ലെന്നതാണ് യാഥാർഥ്യം. തന്നെയുമല്ല സർക്കാർ നിർദ്ദേശങ്ങളും നിയമങ്ങളുമൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന ശൈലിയാണ് പ്രസിഡന്റിനും വൈസ് പ്രസിഡൻ്റിനും.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിനെ പിരിച്ചു വിടാൻ ശ്രമിച്ചതും ഹൈകോടതി നിർദേശം ഉണ്ടായിട്ടു പോലും അവരുടെ വേതനം തടഞ്ഞു വെച്ചതും.
ഒടുവിൽ കോഴിക്കോട് മന്ത്രി എം ബി രാജേഷ് നേതൃത്വം കൊടുത്ത ജില്ലാ അദാലത്തിൽ വിഷയം വരികയും നഴ്സിന്റെ തടഞ്ഞു വെച്ച വേതനം അടിയന്തിരമായി നൽകണമെന്ന് മന്ത്രി ഉത്തരവിടുകയും ചെയ്തിട്ട് പോലും സെക്രട്ടറിയെ സമ്മർദ്ദത്തിലാക്കിയും ഭീഷണിപെടുത്തിയും ചെയ്തു കൊണ്ടു നഴ്സിന്റെ വേതനം നൽകാതിരിക്കാൻ അവസാനം വരെ ശ്രമിച്ചവരാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡൻ്റും.
എന്നാൽ സെക്രട്ടറി ശക്തമായ നിലപാടിൽ ഉറച്ചു നിന്നതിനാലാണ് നഴ്സിന്റെ വേതനം കുടിശിക സഹിതം ലഭിച്ചത്. സമീപ പഞ്ചായത്തുകളിലൊക്കെ ലൈഫ് ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി ഫണ്ട് ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നിരിക്കെ തിരുവള്ളൂരിൽ മാത്രം ലൈഫ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത് യുഡിഎഫിന്റ ഭരണ പരാജയമാണ്.
സാധാരണ ഗതിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകാറുള്ള സ്ഥലം മാറ്റം മാത്രമേ തിരുവള്ളൂരിലും നടന്നിട്ടുള്ളൂ. തന്നെയുമല്ല യുഡിഎഫ് ഭരണ നേതൃത്വത്തിന്റെ ധിക്കാരപരമായ നിലപാട് മൂലം ഒരിക്കൽ തിരുവള്ളൂരിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരൊക്കെ എങ്ങിനെയെങ്കിലും മാറ്റം കിട്ടിയാൽ മതി എന്ന ചിന്തയിലേക്ക് എന്തു കൊണ്ടു എത്തുന്നുവെന്ന് പഞ്ചായത്ത് ഭരണ നേതൃത്വം വ്യക്തമാക്കണം.
കളിസ്ഥലം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു ഉയർന്ന അഴിമതി വ്യാപകമായ ചർച്ച നടക്കുന്ന അവസരത്തിൽ അതിൽ നിന്നൊക്കെ ജനശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമം.
 ബസ്സ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള വികസന പ്രശ്നങ്ങളിൽ പഞ്ചായത്ത് ഭരണത്തിന്റെ ഭരണ പരാജയം മറച്ചു പിടിക്കാനുള്ള പാഴ്ശ്രമമാണ് യുഡിഎഫ് ഇപ്പോൾ നടത്തുന്നതെന്നും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
#UDF #attempt #hide #governance #failure #Tiruvallur #is #a #travesty #LDF
 
                    
                    










































 
                                    




