വടകര: പാലയാട് ദേശീയ വായനശാലയിൽ ആധുനിക രീതിയിൽ നിർമിച്ച പുസ്തക ഷെൽഫുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപയറ്റും വടക്കൻപാട്ട് അവതരണവും വേറിട്ടതായി.


പുസ്തകങ്ങളുടെ തരംതിരിവിന് ഉതകുന്ന നിലയിൽ ചെറിയ റാക്കുകളിലായി 3500 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ ഷെൽഫുകൾ.
പുസ്തക പയറ്റിന്റെ ഭാഗമായി നാട്ടുകാർ അവരുടെ കൈയിലെ പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന നൽകി. ഗ്രാമങ്ങളിൽ അന്യം നിന്നുപോയ പണപ്പയറ്റിന്റെ അതേ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പയറ്റാൻ പുസ്തകവുമായി എത്തിയവർക്ക് പണപ്പയറ്റിന്റെ ഓർമപ്പെടുത്തലായി ചായ സൽക്കാരം നൽകി.
നോവലും ചെറുകഥകളുമുൾപ്പെടെ നിലവാരമുള്ള ഒട്ടനവധി പുസ്തകങ്ങൾ പയറ്റിലൂടെ സമാഹരിക്കാൻ കഴിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി രാഘവൻ നിർവഹിച്ചു. വായനശാല പ്രസിഡന്റ് ഇ.ഒ ശ്രീനിവാസൻ അധ്യക്ഷനായി.
വടക്കൻപാട്ട് രംഗത്ത് ശ്രദ്ധേയനായ ചെറിയാണ്ടി കൃഷ്ണൻ തനിച്ചും തലച്ചാണ്ടി നാരായണിയുടെ നേതൃത്വത്തിൽ ഓമന കെ.വി, തയ്യടുത്ത് ജാനു, ആശാരിക്കുനി ജാനു, കുഞ്ഞിപ്പറമ്പത്ത് ലക്ഷ്മി, ചിറക്കൽക്കുനി ശാന്ത, എന്നിവർ കൂട്ടായും അവതരിപ്പിച്ച വടക്കൻപാട്ടുകൾ 'പഴമയിലെ പുതുമ' കൊണ്ട് കൈയടി നേടി.
ചെറുപ്പകാലത്ത് കാർഷിക വൃത്തിയിലേർപ്പെടുമ്പോൾ പാടിപ്പതിഞ്ഞ വടക്കൻപാട്ട് വരികൾ ഓർത്തെടുത്ത് താളത്തിൽ പാടിയപ്പോൾ കാഴ്ചക്കാർക്ക് അതൊരു നവ്യാനുഭവമായി. വടക്കൻപാട്ടിന്റെ വേറിട്ട വരികളും ഈണവും കേട്ട യുവതലമുറയും കൗതുകത്തോടെയാണ് പരിപാടി വീക്ഷിച്ചത്.
ചടങ്ങിൽ വായനശാല സെക്രട്ടറി കെ.കെ.രാജേഷ്, സുധീർ കുമാർ വി.വി, സജീവൻ ടി.സി, കെ.പി ബാലകൃഷ്ണൻ, നാറാണത്ത് രാധാകൃഷ്ണൻ, ബി.കെ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എം.കെ ഷൈജു, സതീഷ് കുമാർ ബി, ശശിധരൻ കുട്ടംകണ്ടി, കുഞ്ഞിരാമൻ കുമുള്ള കണ്ടി, ലൈബ്രേറിയൻ ചുമതല വഹിക്കുന്ന ഹരിഷ്ണ തയ്യടുത്ത് എന്നിവർ നേതൃത്വം നൽകി.
#Book #fair #Vadakkanpattu #performance #Palayad #library