വടകര: (vatakara.truevisionnews.com) വടകര നിയോജകമണ്ഡലത്തിലെ ഭിന്നശേഷി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ഓണാഘോഷം പരിപാടി ഒരുങ്ങുന്നു. കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 27 ന് വടകര ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വടകര മുൻസിപ്പൽ പാർക്കിൽ ചേർന്ന സ്വാഗതസംഘം യോഗം ഉദ്ഘാടനം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ പലതരത്തിൽ മാറ്റിനിർത്തപ്പെട്ട മനുഷ്യരെ കൂടി ഉൾചേർത്തു വേണം നമ്മൾ ഓണം ആഘോഷിക്കാൻ എന്ന ആശയത്തെ മുൻ നിർത്തിയാണ് വൈബ് ഈ വർഷം മണ്ഡലത്തിലെ ഭിന്ന ശേഷി വിദ്യാലയത്തിലെ കുട്ടികളെ ചേർത്തു നിർത്തി ഓണവൈബ് എന്ന പരിപാടി ആസൂത്രണം ചെയ്യുന്നത് എന്ന് എം.എൽ.എ പറഞ്ഞു.



ഭിന്നശേഷിക്കാരായ വ്യക്തികൾ അനുഭവിക്കുന്ന പലതരം വെല്ലുവിളികൾക്കും മാറ്റിനിർത്തലുകൾക്കും കാരണം അവരുടെ പരിമിതികളല്ല, അത് ഉൾക്കൊള്ളാനൊരുക്കമല്ലാത്ത നമ്മുടെ തന്നെ മനോഭാവങ്ങളും സംവിധാനങ്ങളുമാണ്. ഏയ്ബിളിസം എന്നു വിളിക്കുന്ന ആ അധീശത്വ മനോഭാവം തിരുത്തിക്കൊണ്ടല്ലാതെ നമുക്ക് അവർക്കൊപ്പം നിൽക്കാനാവില്ല.
നല്ല മുന്നൊരുക്കത്തിലും ജനപങ്കാളിത്തത്തിലും വർണ്ണശബളമായും പരിപാടി സംഘടിപ്പിക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.വൈബ് വിദ്യാഭ്യാസ പദ്ധതി അക്കാദമി ചെയർമാൻ കെ.ടി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, അഡ്വ.ഐ. മൂസ, കെ. കെ കൃഷ്ണൻ, പി.സജീവ് കുമാർ, ടി.ശ്രീനിവാസൻ, അഡ്വ.രാജൻ കായക്ക, വി.കെ അസീസ് മാസ്റ്റർ, പി.പി രാജൻ, പ്രിയങ്ക സി.പി, മുഫീദ്, അഖിൽ രാജ്, അബ്ദുൽ ഹക്കീം, സുഗതൻ തുടങ്ങിയവർ സംസാരിച്ചു. ഇസ്മയിൽ പറമ്പത്ത് സ്വാഗതവും എം.എൻ പ്രമോദ് നന്ദിയും പറഞ്ഞു.
ചെയർപെഴ്‌സൺ കെ.കെ രമ എം.എൽ.എ, ജനറൽ കൺവീനർ ഇസ്മയിൽ പറമ്പത്ത്, കൊ ഓർഡിനേറ്റർ ഷേർളി അനിൽ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു
Onam celebration program planned for differently abled students in Vadakara