വടകര: [vatakara.truevisionnews.com] ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശല മഹോത്സവത്തിന് തുടക്കമായി. കരകൗശല വിദ്യയുടെ വൈവിധ്യങ്ങളും പാരമ്പര്യങ്ങളും ഒരുമിച്ചു കൊണ്ടുള്ള മേളയിൽ വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കലാകാരന്മാർ പങ്കെടുക്കുന്നു.
ബലാറസ്, ഈജിപ്ത്, ഇറാൻ, ജോർദാൻ, കസാക്കിസ്ഥാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, തജികിസ്ഥാൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, ഇസ്രയേൽ എന്നീ 15 രാജ്യങ്ങളിൽ നിന്നുള്ള കരകൗശല പ്രവർത്തകരും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും മേളയുടെ ഭാഗമാണ്.
കരകൗശല രംഗത്ത് ദേശീയ അവാർഡുകളും മറ്റ് ബഹുമതികളും നേടിയ സൂര്യകാന്ത് ബോണ്ട്‌വാൾ, അസിത് ഭരൻജന, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് മത്ത്ലൂബ്, ഷഹീൻ അഞ്ജ് എന്നിവരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
നൂറിലധികം കരകൗശല സ്റ്റാളുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവിലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേഴ്സ്യൽ പവിലിയൻ, വാഹനപ്രദർശനം, കളരിയുമായി ബന്ധപ്പെടുത്തിയ പ്രത്യേക പ്രദർശനം തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
വിനോദസഞ്ചാര വകുപ്പ്, നബാർഡ്, കേന്ദ്ര സർക്കാരിന്റെ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണർ ഓഫ് ഹാൻഡിക്രാഫ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.
Craft fair begins at Iringal Craft Village









































