ആയഞ്ചേരി: [vatakara.truevisionnews.com] സോഷ്യൽ മീഡിയയിലൂടെ ട്രാഫിക് നിയമബോധവൽക്കരണത്തിൽ പുതിയ മാതൃക തീർത്ത ബ്ലോഗർ അഫ്ലഹിനെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് സി.ഇ.ഒ ക്ലബ് അഡ്വൈസർ എ. സുരേന്ദ്രൻ ആദരിച്ചു.
അഫ്ലഹിന്റെ വസതിയിൽ വെച്ചായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്. യാദൃശ്ചികമായി ചിത്രീകരിച്ച ലളിതമായ വീഡിയോ ക്ലിപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വേഗത്തിൽ എത്തിക്കാൻ അഫ്ലഹിന് സാധിച്ചുവെന്ന് ചടങ്ങിൽ സംസാരിക്കവെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന ഔദ്യോഗിക ബോധവൽക്കരണ പരിപാടികളേക്കാൾ വലിയ സ്വാധീനം, സാമ്പത്തിക ചെലവില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങളിലെത്തിക്കാൻ അഫ്ലഹിനും കോഴിക്കോട്ടെ പ്രഭാവതിക്കും സാധിച്ചത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളും ജീവഹാനിയും കുറയ്ക്കാൻ ഇത്തരം ജനകീയ ഇടപെടലുകൾ സഹായിക്കും. സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള ബ്ലോഗർമാരുടെ പ്രവർത്തനങ്ങൾ ജനക്ഷേമത്തിനായി വിനിയോഗിക്കപ്പെടുമ്പോൾ അതിന് അർഹമായ പ്രോത്സാഹനം നൽകാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൻസൂർ എടവലത്ത്, വി. ഹനീഫ് മാസ്റ്റർ, ആനാണ്ടി മുഹമ്മദ് യൂനുസ്, കെ. മുസ്തഫ, കളയൻകുളത്ത് ഇസ്മയിൽ, കളയൻകുളത്ത് കരിം, ഇസ്മയിൽ എം.ടി.കെ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Blogger congratulated Aflah









































