വടകര:(https://vatakara.truevisionnews.com/) സ്വകാര്യ ബസ് കണ്ടക്ടറും സി.പി.ഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറിയുമായ എം.പി. ദിവാകരനെ മർദ്ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കഴിഞ്ഞ ഡിസംബർ 31-ന് പുലർച്ചെ 6:15-ന് വടകര പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് ദിവാകരന് നേരെ അതിക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആഴ്ചകളോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് പാർട്ടി ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്. നേരത്തെ ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.ഐ നേതാക്കൾ റൂറൽ എസ്.പിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ, പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് വടകരയിലെ ബസ് ജീവനക്കാർ ഒരു ദിവസത്തെ സൂചന പണിമുടക്കും നടത്തിയിരുന്നു.
സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റീന സുരേഷ്, സി. രാമകൃഷ്ണൻ, വി.വി. പ്രഭാകരൻ, കെ. ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.
എം.പി. കുഞ്ഞിരാമൻ, ഹരികൃഷ്ണ, സി.പി. ബാലൻ, വി.പി. നാണു, റീജ അനിൽ, പി. ഷർമിള, പി. ലീല, സി.സി. രവീന്ദ്രൻ, ടി.പി. രാജീവൻ, വിവേക് മുറുവശേരി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.
Bus conductor assault case; CPI protest march in Vadakara over failure to arrest accused









































