#latest news #Villiyapally #stray dog and boar
വില്യാപ്പള്ളി: (https://vatakara.truevisionnews.com/) ചെമ്മരത്തൂർ റോഡ് മനത്താമ്പ്ര ഭാഗത്ത് കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം കാരണം നാട്ടുകാർ കടുത്ത ഭീതിയിൽ. പുലർച്ചെ മദ്രസയിലേക്കും ട്യൂഷൻ ക്ലാസുകളിലേക്കും പോകുന്ന കുട്ടികളാണ് ഇവയുടെ പ്രധാന ഇരകൾ.
കഴിഞ്ഞ ദിവസം രാവിലെ കുട്ടികൾക്ക് നേരെ നായ്ക്കൾ പാഞ്ഞടുത്തപ്പോൾ ഓടി തൊട്ടടുത്ത വീട്ടിൽ കയറിയാണ് അവർ രക്ഷപ്പെട്ടത്. രാവിലെയെന്നോ വൈകുന്നേരമെന്നോ വ്യത്യാസമില്ലാതെ നായ്ക്കൾ അക്രമണ സ്വഭാവം കാണിക്കുന്നതിനാൽ കുട്ടികളെ പുറത്തുവിടാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്.
തെരുവുനായ്ക്കൾക്ക് പുറമെ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യവും അതിരൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന പന്നികൾ വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിക്കുന്നു.പല വീടുകളിലെയും അടുക്കളത്തോട്ടങ്ങളും കപ്പ ഉൾപ്പെടെയുള്ള മറ്റ് കാർഷിക വിളകളും പന്നികൾ കുത്തിമറിച്ചിട്ടിട്ടുണ്ട്.
കാട്ടുപന്നികൾ ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിക്കാൻ വരുന്നതും തടയാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlight: Wild boar and stray dog infestation in Villiyapally


















.jpeg)






















