Nov 9, 2024 10:13 AM

ആയഞ്ചേരി:(vatakara.truevisionnews.com) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ പദ്ധതികൾ താളം തെറ്റുകയാണ്.

അസി. സെക്രട്ടറി, അസി. എൻജിനീയർ, ഓവർസിയർ, വി.ഇ.ഒ, പാർട്ട് ടൈം സ്വീപ്പർ തുടങ്ങിയ പോസ്റ്റുകളാണ് ആളുകളെ നിയമിക്കാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സെക്രട്ടറി ഉൾപ്പെടെ പത്തിലേറെ ഉദ്യോഗസ്ഥരെ ഒന്നിച്ച് സ്ഥലം മാറ്റിയത്. അതിനു പകരമായി ചുമതലയേറ്റവർ ഓരോരുത്തരായി വന്ന് കാര്യങ്ങൾ പഠിച്ചു വരികയാണ്.

പ്രധാനപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെയാണ് ആകെ തകിടം മറിക്കുന്നത്.

എൽ.എസ്.ജി.ഡി വകുപ്പിൽ 2024 - 25 വർഷത്തിൽ നിരവധി പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്.

17 വാർഡുകളിലായി വിവിധങ്ങളായ സി. എഫ്.സി ഗ്രാൻഡിൽ ഉൾപ്പെടുത്തിയുള്ള റോഡുകൾ, അതുപോലെ മെയിൻ്റനൻസ് ഗ്രാന്റിലുള്ള റോഡ് നവീകരണ പ്രവർത്തികൾ, ബ്ലോക്ക് പഞ്ചായത്തുമായി ചേർന്നുള്ള സംയുക്ത പദ്ധതികൾ, കൂടാതെ നിരവധി കെട്ടിടങ്ങൾ എന്നിവയുടെ പ്രവർത്തി അടിയന്തരമായി നടക്കേണ്ടതുണ്ട്.

മാർച്ച് മാസത്തിനു മുമ്പ് തീർക്കാനുള്ള നൂറുകണക്കിന് പദ്ധതികളാണ് ഓരോ പഞ്ചായത്തിലും ഉള്ളത്. ഒരു അസി. എൻജിനീയറും ആവശ്യത്തിന് ഓവർ സീയർമാറും ഓരോ പഞ്ചായത്തിനും സ്വന്തമായി ഉണ്ടെങ്കിൽ മാത്രമേ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുകയുള്ളൂ.

ഈ അവസരത്തിലാണ് ആയഞ്ചേരിയിൽ ഒരു എ.ഇയുടെയും ഓവർസിയറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നത്.

മണിയൂർ പഞ്ചായത്തിലെ എൻജിനീയർക്കാണ് ഇപ്പോൾ താൽക്കാലിക ചുമതല. ഇത്രയും വലിയ ജോലിഭാരം ഒരാൾക്ക് താങ്ങാവുന്നതിൽ അപ്പുറമാണ്.


പുതുതായി ചുമതലയേറ്റ സെക്രട്ടറി വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ചുമതലയുള്ളതിനാൽ പഞ്ചായത്തിൽ തന്നെ ഏറെ നേരം ചെലവഴിക്കാൻ കഴിയില്ല. പകരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അസി. സെക്രട്ടറിയാണ്. കൂടാതെ മറ്റു ദൈനംദിന കാര്യങ്ങളും നോക്കേണ്ടത് അസി.സെക്രട്ടറിയാണ്. ആ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വി. ഇ.ഒ. ഇല്ലാത്തതിനാൽ നിരവധി ക്ഷേമകാര്യ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. മാലിന്യമുക്ത നവകേരളം പോലുള്ള പദ്ധതികൾക്ക് നേതൃപരമായ പങ്കുവഹിക്കേണ്ടതും വി.ഇ.ഒ ആണ്. ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ നഷ്ടമാകുന്നത്.


ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ്, മുൻ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉൾപ്പെടെയുള്ള സംഘം കോഴിക്കോട് കലക്ടർക്കും ജോയിൻറ് ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. ആവശ്യത്തിനു ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.


ഫോട്ടോ: ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടർക്ക് നിവേദനം നൽകുന്നു

#lack #sufficient #staff #Plans #awry #Ayanchery

Next TV

Top Stories










News Roundup






News from Regional Network