മേമുണ്ട: (vatakara.truevisionnews.com) കോഴിക്കോട് ജില്ലയിൽ നിന്ന് അപ്പീൽ വഴി സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച കോഴിക്കോട് മേമുണ്ട സ്കൂളിൻ്റെ നാടകം "ശ്വാസം" സംസ്ഥാനത്ത് ഒന്നാമത്.
മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് രണ്ട് പേർക്ക്. ബലൂൺ വിൽപ്പനക്കാരൻ ബാലനെയും ചെല്ലപ്പൻ ആശാരിയെയും അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് . ഫിദൽ ഗൗതം & യാഷിൻ റാമിനുമാണ് അവാർഡ്.
ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ജീവിതം . ചെല്ലപ്പൻ ആശാരിയെപോലുള്ള ഏഷണിക്കാർ മരിക്കാത്ത കാലമത്രയും ഒരുമുള്ളു കൊണ്ടാൽ പൊട്ടുന്ന ബലൂണുകൾ പോലെയാണ് ജീവിതമെന്ന് നാടകം പറഞ്ഞുവെക്കുന്നു.
നന്മകളാൽ സമൃദ്ധമാണ് നാട്ടിൽ പുറം എന്നത് ഒരു കവി ഭാവന മാത്രമാണ്. മനുഷ്യസ്വഭാവത്തിലെ എല്ലാ നീചവാസനകളും നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ തന്നെയാണ്.
ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഒരാൺകുട്ടിയ്ക്കും പെൺകുട്ടിക്കും ഇടയിലെ ഹൃദയഹാരിയായ ചങ്ങാത്തത്തെ കപട സദാചാരബോധത്തിൻ്റെ കണ്ണു ദീനം പിടിച്ച കുറെ മനുഷ്യർ തെറ്റായി വ്യാഖ്യാനിക്കുന്നതും അത് ആത്യന്തികമായ ദുരന്തത്തിലേക്ക് നയിക്കുന്നതുമാണ് വടകര മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച "ശ്വാസം " എന്ന നാടകത്തിൻ്റെ പ്രമേയം.
ഈ പ്രമേയത്തെ പത്മരാജനും ഭരതനും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ പിറന്ന മലയാളത്തിലെ ക്ലാസ്സിക് സിനിമയായ "തകര" യുമായി ചേർത്ത് വച്ച് ആവിഷ്കരിച്ച സമ്മോഹനമായ രംഗാവതരണമായിരുന്നു ശ്വാസം എന്ന നാടകം.
തകരയിലെ ചെല്ലപ്പനാശാരി ഈ നാടകത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
"ചെല്ലപ്പനാശാരിയ്ക്ക് മരണമില്ല . ചിരഞ്ജീവിയാണയാൾ " എന്ന് ഈ നാടകം വിളിച്ചു പറയുന്നുണ്ട്. ചെല്ലപ്പനാശാരിമാർ ഏത് ഗ്രാമത്തിലും നഗരത്തിലുമുണ്ട്.
സമൂഹത്തിൻ്റെ സദാചാര പോലീസിൻ്റെ മരണമില്ലാത്ത ജീവമാതൃകയായി ചെല്ലപ്പനാശാരി വിരാട് രൂപം പോലെ ഈ നാടകത്തിൽ നിറഞ്ഞുനിൽക്കുന്നു.
കുഞ്ഞുങ്ങൾക്കിടയിലെ സ്നേഹ സൗഹൃദങ്ങളെ തിരിച്ചറിയാതെ സദാചാര പോലീസിങ്ങിന് ഇരയായി ജീവിതം ഹോമിക്കപ്പെടുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകൾ ഈ വർത്തമാന കാലത്തും നിരന്തരമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്.
സിനിമയും നാടകവും തമ്മിൽ ഏറ്റവും ഹൃദയഹാരിയായ മേളനം സാധ്യമാക്കിയെന്നതാണ് ഈ നാടകത്തിൻ്റെ ഏറ്റവും വലിയ സവിശേഷത .
ജിനോ ജോസഫാണ് ശ്വാസത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.കുട്ടികളുടെ നാടകം അവരുടെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിരിഞ്ഞു വരേണ്ടതാണ്. ലാളിത്യമാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത .
ജിനോ ജോസഫിൻ്റെ രചനയിലും സംവിധാനത്തിലും പിറന്ന ഈ നാടകം ഈ സവിശേഷതകളെല്ലാം ഒത്തിണങ്ങിയ രംഗാവിഷ്കാരമാണ്.
നാടകത്തിൽ ദേവാഞ്ജന എസ് മനോജ്, ഫിദൽ ഗൗതം, യാഷിൻ റാം, അലൻ ഗോവിന്ദ്, സിയാര, ഇഷാൻ, നീഹാർ ഗൗതം, നവതേജ്, ഗുരു പ്രണവ്, നിയ നിഷ് വ എന്നിവർ വേഷമിട്ടു.
#Presentation #appeal #Memunda #Schools #drama #Swasam #tops #state