പാലയാട്: (vatakara.truevisionnews.com) പാലയാട് ദേശിയവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണക്കൂടാരം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ അവധിക്കാലം ഉല്ലാസത്തോടൊപ്പം വിജ്ഞാനപ്രദവുമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഭിനയക്കളരി , ശാസ്ത്ര പരീക്ഷണങ്ങൾ, ഗണിതം മധുരം, അക്ഷരക്കളികൾ തുടങ്ങിയവയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ഉള്ളടക്കം .


ഷിബിൻ മാസ്റ്റർ നയിച്ച അഭിനയക്കളരിയോടെ ക്യാമ്പിന് ആവേശഭരിതമായ തുടക്കമായി. തുടർന്ന് അശോകൻ മാസ്റ്റർ ഗണിതത്തിൻ്റെ മധുരമൂറുന്ന അവതരണം നടത്തിയതോടെ കണക്ക് കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമായി മാറി. ഗണിതത്തിലെ സങ്കീർണമായ ക്രിയകളെ പ്രായോഗികമായി സമീപിച്ച് എളുപ്പവഴികൾ ഉപയോഗിച്ച് നിർദ്ദാരണം ചെയ്യുന്ന രീതികൾ കുട്ടികൾക്ക് വേറിട്ട പഠനാനുഭവമായി.
ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ പ്രശസ്തനായ മൊയ്തീൻ മാഷിൻ്റെ ശാസ്ത്ര പരീക്ഷണങ്ങളായിരുന്നു ഏറെ വിസ്മയമായത്. ശാസത്ര സത്യങ്ങളെ ദിവ്യാത്ഭുത ക്രിയകൾക്കായി ഉപയോഗിച്ച് കാശാക്കുന്ന വിശ്വാസ വ്യവസായത്തിൻ്റെ പൊള്ളത്തരങ്ങൾ അദ്ധേഹം പരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്തത് വേറിട്ട അനുഭവമായി. കുസൃതി ചോദ്യങ്ങളും അക്ഷരക്കളികളും കണക്കിലെ കുറുക്കുവഴികളും ഒക്കെയായി ക്യാമ്പ് കുട്ടികൾ നന്നായി ആസ്വദിച്ചു. രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു.
വർണ്ണക്കൂടാരം ഏകദിന ക്യാമ്പ് വാർഡ് മെമ്പർ ടി പി.ശോഭന ഉൽഘാടനം ചെയ്തു. ഇ നാരായണൻ മാസ്റ്റർ അദ്ധ്യക്ഷനായി. കെ.കെ. രാജേഷ് മാസ്റ്റർ, ടി സി സജീവൻ, കെകെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ശശിധരൻ കെ.കെ., സി കെ. ഗിരീഷ്, സജി പി.കെ., ലിഷ പി.കെ., ദേവി കെ.എൻ., ഭവ്യ ഷാജി, ഹരിഷ്ണ എന്നിവർ നേതൃത്വം നൽകി.
Palayad National Library organizes one day study camp