ചോറോട്: (vatakara.truevisionnews.com) ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മലോൽമുക്ക് -ചേന്ദമംഗലം റോഡിൽ നിന്ന് സർവീസ് റോഡ് വഴി ദേശീയപാതയിലേക്കും ദേശീയപാതയിൽ നിന്ന് സർവീസ് റോഡ് വഴി ചേന്ദമംഗലം-മലോൽമുക്ക് റോഡിലേക്കും പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസും,യൂത്ത് കോൺഗ്രസും നടത്തിയ സമരം വിജയം കണ്ടു.


യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡൻ്റ് സി. നിജിൻ നൽകിയ അപേക്ഷയെ തുടർന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അസുതോഷ് സിൻഹയാണ് പ്രസ്തുത സർവീസ് റോഡ് 7 മീറ്റർ വീതിയിൽ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കുമെന്ന് കത്ത് മുഖേന അറിയിച്ചത്. വടകര എംപി ഷാഫി പറമ്പിലിനും, വടകര എംഎൽഎ കെ കെ രമയ്ക്കും മേൽ ആവശ്യം ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിരുന്നു.
പഞ്ചായത്തിന്റെ ഇടപെടൽ പരാജയമാണെന്നും,കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും ശക്തമായ സമരത്തിന്റെ ഭാഗമായാണ് അനുകൂലമായ തീരുമാനം എടുക്കാൻ ദേശീയപാത അതോറിറ്റി നിർബന്ധിക്കപ്പെട്ടതെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. പി. ടി. കെ നജ്‌മൽ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി. നിജിൻ എന്നിവർ പറഞ്ഞു
traffic will be allowed both direction via Chorode service road