അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കടത്തനാടൻ അങ്കത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പണിത താല്ക്കാലിക തറ പൊളിച്ചു നീക്കി തുടങ്ങി. കനത്ത മഴയെ തുടർന്ന് വെള്ളം ഒഴുകി പോകാതെ തറക്ക് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് തൊട്ടടുത്ത ഓപ്പൺ ജിംനേഷ്യത്തിന് സമീപം വലിയകുഴി രൂപപ്പെടാൻ കാരണമായി.
പ്ലാറ്റ് ഫോം തകർച്ചയുടെ വക്കിലായിട്ടുണ്ട്. കെ.കെ.രമ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നു മുന്ന് ലക്ഷം രൂപ ചെലവാക്കിയാണ് ഓപ്പൺ ജിംനേഷ്യം നിർമിച്ചത്. സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ചുറ്റുമതിലും വെള്ളക്കെട്ടിനാൽ നിലം പൊത്തുന്ന അവസ്ഥയിലാണ്. ജിംനേഷ്യത്തിനായി നിർമിച്ച പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്നു മണ്ണ് നീക്കം ചെയ്യാണ് തറ സ്ഥാപിച്ചത്.
പരിപാടി കഴിഞ്ഞ് ഇത്രയായിട്ടും ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കിയില്ല. തറ പൊളിച്ചുനീക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അനക്കമില്ല.
തറ പൊളിച്ചു നീക്കാൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പിന്നാലെ ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മറ്റി അടക്കം വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കടത്തനാടൻ അങ്കം സംഘാടക സമിതിയോട് തറ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് പരിഹാരമായത്.
demolition Kadathanadan Angathara begun




































