വടകര: (vatakara.truevisionnews.com) വീട്ടമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതി കണ്ണൂർ ചമ്പാട് സ്വദേശി സജീഷാണ് മർദ്ദിച്ചത്. സജീഷിനെ അന്വേഷിച്ച് ചമ്പാട്ടെ വീട്ടിൽ എത്തിയപ്പോഴാണ് പൊലീസിന് നേരെ അക്രമമുണ്ടായത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വില്യാപ്പള്ളി സ്വദേശിനിയായ 28-കാരിയെയും മൂന്ന് വയസുകാരിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും അറിയിച്ചു.


എന്നാല്‍ ഏറെ ദൂരം വഴിമാറി പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്തു. നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.
ഓട്ടോയുടെ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി യുവതി നല്‍കിയ പരാതിക്ക് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച എസ്‌ഐയുടെ തലക്ക് പരുക്കേറ്റു. എഎസ്‌ഐയെ കടിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോകാനുളള കാരണം വ്യക്തമല്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.
Attempt kidnap housewife and child in Villiyapally vadakara Police officers who arrived to search for the accused were attacked