ഓർക്കാട്ടേരി: [vatakara.truevisionnews.com] ഓർക്കാട്ടേരി ചന്തയിലെത്തിയ യുവാവിന്റെ ബൈക്ക് പട്ടാപകൽ മോഷ്ടിച്ച കേസിൽ പ്രതിയെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിൻലാൽ (32) ആണ് ഇൻസ്പെക്ടർ ടി.കെ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം പുറമേരി മുതുവടത്തൂർ സ്വദേശി അച്ഛൻകണ്ടി താഴെ നാസറിന്റെ KL 18 J 5773 നമ്പർ 'സ്പ്ലെൻഡർ' ബൈക്കാണ് ഓർക്കാട്ടേരി കാർത്തികപ്പള്ളി റോഡിൽ നിന്ന് മോഷണം പോയത്. ഭാര്യയുമൊത്ത് മക്കൾക്ക് കളിപ്പാട്ടങ്ങളും മറ്റും വാങ്ങാൻ ചന്തയിലെത്തിയതായിരുന്നു നാസർ.
റോഡരികിലെ അസ്മ കോഴിഫാം പാലത്തിനടുത്ത് മറ്റ് വാഹനങ്ങൾക്കൊപ്പം പാർക്ക് ചെയ്തിരുന്ന ബൈക്ക്, വെറും മുക്കാൽ മണിക്കൂറിനുള്ളിലാണ് വിജിൻലാൽ കവർന്നത്. മോഷണത്തിന് ശേഷം ബൈക്കിന്റെ രൂപമാറ്റം വരുത്തി ഉപയോഗിച്ചു വരികയായിരുന്നു പ്രതി.
എന്നാൽ, മോഷ്ടിച്ച ബൈക്കിൽ പ്രതി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയും ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ ദൃശ്യങ്ങൾ പുറത്തായതോടെ വിജിൻലാൽ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുറ്റ്യാടിക്ക് സമീപത്തുനിന്നും ഇയാൾ കുടുങ്ങുകയായിരുന്നു.
പ്രതിയിൽ നിന്ന് മോഷണം പോയ ബൈക്കും പോലീസ് കണ്ടെടുത്തു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Bike stolen from Orkatteri market; Suspect arrested



































