വടകര: (vatakara.truevisionnews.com) ഓട്ടോറിക്ഷയിൽ മറന്നുവെച്ച രണ്ടര പവൻ സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും പണവും ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് അയനിക്കാട് സ്വദേശിയായ ഓട്ടോഡ്രൈവർ സുജിത് കുമാർ.
വടകര കേന്ദ്രമായി സർവീസ് നടത്തുന്ന എരഞ്ഞിക്കൽ സുജിത് കുമാറാണ് തന്റെ സത്യസന്ധതയിലൂടെ നാടിന്റെ കയ്യടി നേടിയത്. വൈക്കിലശേരി സ്വദേശി ഷൈനി തന്റെ ഓട്ടോയിൽ യാത്ര ചെയ്ത ശേഷം ഇറങ്ങിയപ്പോഴാണ് സ്വർണ്ണവളകളും രണ്ടായിരം രൂപയും ഫോണും അടങ്ങിയ ബാഗ് സീറ്റിൽ മറന്നുവെച്ചത്.
വാഹനത്തിൽ ബാഗ് ശ്രദ്ധയിൽപ്പെട്ട സുജിത് കുമാർ ഒട്ടും വൈകാതെ തന്നെ അത് വടകര പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ഇടപെടലിലൂടെ ബാഗിന്റെ ഉടമയെ കണ്ടെത്തുകയും സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സുജിത് തന്നെ ഇവ ഷൈനിക്ക് കൈമാറുകയും ചെയ്തു.
എസ്‌ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ കൈമാറ്റം. ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച സുജിത് കുമാറിന്റെ ഈ വലിയ മനസ്സിനെ വടകര പോലീസും നാട്ടുകാരും അഭിനന്ദിച്ചു.
Auto driver returns lost gold and money to passenger








































