വടകര: (vatakara.truevisionnews.com) നഗരസഭയിലെ കസ്റ്റംസ് റോഡിന് സമീപം പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. മുനിസിപ്പൽ 48-ാം വാർഡിലെ മട്ടോൽ ജാനകിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.
അപകടസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണ ഈ അപകടത്തിൽ ജാനകിയുടെ കൊച്ചുമകൻ അഖിൻ ഉറങ്ങിക്കിടന്നിരുന്ന ഭാഗത്തെ ചുമരിലെ കുമ്മായക്കട്ടകൾ അടർന്നുവീണെങ്കിലും ഭാഗ്യം കൊണ്ടാണ് കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
തെങ്ങ് വീണ ആഘാതത്തിൽ വീടിന്റെ വൈദ്യുതി മീറ്ററും വയറിംഗും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞാലുടൻ വാർഡ് കൗൺസിലർ യു. അജ്‌നാസ് അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
House destroyed by falling coconut tree in strong winds








































