#Latest News #Murder #Vadakara
വടകര: (https://vatakara.truevisionnews.com/) ഭാര്യയ്ക്ക് എതിരായ അപവാദ പ്രചാരണം ചോദ്യം ചെയ്തതിനെച്ചൊല്ലിയുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വടകര ബീച്ച് റോഡ് 'ഉരുണിയന്റവിട' വീട്ടിൽ അനസിനെയാണ് അഞ്ചംഗ സംഘം ചേർന്ന് ആക്രമിച്ചത്.
കഴിഞ്ഞ ജനുവരി 24-ന് രാത്രി 9.45 ഓടെ പുറങ്കര മദീന പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. വള്ളിക്കാട് 'കൊമ്മത്ത്' വീട്ടിൽ ഉനൈസ്, ഇയാളുടെ പിതാവ് ഉമ്മർകുട്ടി, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനസിന്റെ ഭാര്യക്കെതിരെ ഒന്നാം പ്രതിയായ ഉനൈസ് അപവാദപ്രചാരണം നടത്തിയിരുന്നു. ഇത് അനസ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. പള്ളിക്ക് സമീപം വെച്ച് അനസിനെ തടഞ്ഞുനിർത്തിയ ഒന്നാം പ്രതി ചെകിട്ടത്തടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ രക്ഷപ്പെട്ടതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു.
തുടർന്ന് രണ്ടാം പ്രതിയായ ഉമ്മർകുട്ടിയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരും ചേർന്ന് അനസിനെ ക്രൂരമായി മർദ്ദിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അനസിനെ പ്രതികൾ അശ്ലീല ഭാഷയിൽ ചീത്തവിളിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ വടകര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights:-Attempt to murder youth in Vadakara Case registered against five people



































