#LATEST NEWS #Parakkal Abdullah #Kadatha Nadu Labor Society #IBRAHIM KUTTY HAJI
വടകര: (https://vatakara.truevisionnews.com/) വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ ദാരുണമായ മരണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ പാറക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വ്യക്തികളെ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അപ്പുറമായി കണ്ട് പോലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇബ്രാഹീം കുട്ടി ഹാജി സൊസൈറ്റിയിൽ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് ഭരണസമിതി കൃത്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ തയ്യാറാകണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ ഈ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിരവധി സാമ്പത്തിക ക്രമക്കേട് പരാതികൾ ഉയർന്നു വന്നിരുന്നതായും പാറക്കൽ അബ്ദുള്ള ഓർമ്മിപ്പിച്ചു.
താൻ നിക്ഷേപിച്ച പണം തിരികെ ചോദിച്ച ഇബ്രാഹീം കുട്ടി ഹാജിയോട് സൊസൈറ്റി അധികൃതർ ക്രൂരമായാണ് പെരുമാറിയത്. പണം തിരികെ നൽകാത്തതിന് പുറമെ, കള്ളനെന്ന് ആരോപിക്കുക്കകും പോലീസിൽ ഇബ്രാഹീം കുട്ടിക്കെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടർ സുധീറിന്റെ വീട്ടിൽ വെച്ച് ഇബ്രാഹീം കുട്ടി ഹാജി ജീവനൊടുക്കിയത്.
ഒരു വൃദ്ധനായ നിക്ഷേപകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സൊസൈറ്റി അധികൃതർക്കെതിരെ വധശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കണമെന്നും, നിക്ഷേപകരുടെ പണം സുരക്ഷിതമായി തിരികെ നൽകാൻ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.
Content Highlight: Death of Kadatha Nadu Labor Society investor: The accused should be arrested immediately, Parakkal Abdullah
#LATEST NEWS #Parakkal Abdullah #Kadatha Nadu Labor Society #IBRAHIM KUTTY HAJI













































