Jul 5, 2026 02:23 PM

#Latest news #VP Dul Kifil #Jithin Bhaskar #Kafir screenshot #Face book post

വടകര : (https://vatakara.truevisionnews.com/) കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയ സ്വീകരണത്തിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കാഫിർ സ്‌ക്രീൻഷോട്ടില്‍ തുടക്കം മുതൽ ഒടുക്കം വരെ പ്രകടമായത് കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണ്. മതമൗലികവാദത്തെയും തീവ്രവാദ ചിന്താഗതികളെയും സിപിഎം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കാഫിർ കേസില്‍ എസ്ഐടിക്ക് മെല്ലപ്പോക്കെന്നും വി പി ദുല്‍കിഫില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വടകരയിൽ കഴിഞ്ഞദിവസം ഒരു തീവ്രവാദിക്ക് വേണ്ടിയിട്ടാണ് സി.പി.എം ഈ സ്വീകരണവും പ്രകടനവും നടത്തിയത്. അതിന്റെ ഫോട്ടോ ഞാൻ ഇവിടെ പങ്കുവെക്കുകയാണ്. ഈ ദൃശ്യങ്ങൾ കണ്ടാൽ ഇദ്ദേഹത്തെ ഈ കേസിൽ നിന്ന് പൂർണ്ണമായി വെറുതെ വിട്ടതാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചേക്കാം; എന്നാൽ യാഥാർത്ഥ്യം അതല്ല. പ്രതിക്കെതിരെയുള്ള കേസും അന്വേഷണവും ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. കോടതി താൽക്കാലിക ജാമ്യം നൽകി എന്നത് കുറ്റവിമുക്തനാക്കപ്പെട്ടു എന്നതിന് അർത്ഥമല്ല.

വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ കടുത്ത മതവിദ്വേഷവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ട് നിർമ്മിച്ച 'കാഫിർ' വ്യാജ സ്‌ക്രീൻഷോട്ട് കേസിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രകടമായത് കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണ്. നിരപരാധിയായ ഒരു യുവാവിനെ ആസൂത്രിതമായി വർഗീയവാദിയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടും, അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച ഫ്ലക്സ് ബോർഡുകൾ പോലും തല്ലിപ്പൊളിക്കുന്ന ക്രൂരമായ മാനസികാവസ്ഥയാണ് കഴിഞ്ഞദിവസം തെരുവിൽ കണ്ടത്.

ഈ അക്രമ ശൈലിയെയും അതിന് പിന്നിലെ രാഷ്ട്രീയ പിന്തുണയെയും തീവ്രവാദികളുടെ പ്രകടനമായി മാത്രമേ ജനാധിപത്യ സമൂഹത്തിന് കാണാൻ സാധിക്കുകയുള്ളൂ. സമൂഹത്തിൽ വർഗീയ കലാപവും ഭിന്നതയും ഉണ്ടാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ തീവ്രവാദ പ്രവർത്തനത്തിലെ പ്രതിയായ ജിതിൻ പ്രഭാകരന് ജാമ്യം ലഭിച്ചപ്പോൾ, ചുവന്ന ഷാളണിയിച്ച് സി.പി.എം വലിയ സ്വീകരണം നൽകിയത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണ്.

കേവലം ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഒരു യുവാവിനെ സമൂഹമധ്യത്തിൽ മതവർഗീയവാദിയായി ചിത്രീകരിക്കാനും, അതുവഴി വടകരയിൽ വർഗീയ കലാപത്തിന് വിത്തുപാകാനും ബോധപൂർവമായ ശ്രമമാണ് നടന്നത്. ഇത്തരം വിനാശകരമായ തീവ്രവാദ അജണ്ടകൾ നിയമവും പോലീസും നടത്തിയ അന്വേഷണത്തിൽ വെളിച്ചത്തുവരികയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും, ജയിൽ മോചിതനായപ്പോൾ പ്രതിയെ വീരനായകനായി ചിത്രീകരിക്കുന്നത് വഴി മതമൗലികവാദത്തെയും തീവ്രവാദ ചിന്താഗതികളെയും സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ വ്യാജ പോസ്റ്റർ നിർമ്മിച്ച യഥാർത്ഥ തീവ്രവാദിയെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതും, ഇത് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ച തീവ്രവാദികളായ നേതാക്കന്മാരെ ഇനിയും പോലീസ് പിടികൂടാനുണ്ട് എന്നതും അന്വേഷണ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ കേസിൽ ഇത് നിർമ്മിച്ച തീവ്രവാദിയെയും, സമൂഹത്തിൽ പരസ്യമായി പ്രചരിപ്പിച്ച തീവ്രവാദികളെയും ഇനിയും പിടികൂടാനുണ്ട് എന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

യഥാർത്ഥത്തിൽ നിരപരാധിയാണെന്ന് വ്യക്തമാവുകയും കുറ്റമുക്തനാക്കപ്പെടുകയും ചെയ്ത കാസിമിന് അഭിവാദ്യങ്ങൾ അർപ്പിച്ചുയർത്തിയ ബോർഡുകൾ പോലും ഈ സംഘം അടിച്ചുതകർത്തത് ഇവരുടെ അക്രമ മനോഭാവത്തെയാണ് കാണിക്കുന്നത്.

നിരപരാധികളെ വേട്ടയാടുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ശൈലി സമൂഹത്തിന്റെ സമാധാനം തകർക്കുന്ന സൈബർ ഭീകരവാദമാണ്. സമൂഹത്തിൽ മതപരമായ ചേരിതിരിവുണ്ടാക്കാൻ സൈബർ ഇടങ്ങളെ ആയുധമാക്കുന്ന ഇത്തരം തീവ്രവാദ ഘടകങ്ങൾക്ക് സി.പി.എം നൽകുന്ന പരസ്യ പിന്തുണ സമാധാനകാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി നാടിന്റെ സൗഹാർദ്ദം തകർക്കാൻ സൈബർ പോരാട്ടത്തിനിറങ്ങിയ ഈ തീവ്രവാദികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും, ജനാധിപത്യ ബോധമുള്ള സമൂഹം ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.

Content Highlight: VP Dul Kifil: CPM's reception to Jithin Bhaskar is equivalent to that given to a terrorist

#Latest news #VP Dul Kifil #Jithin Bhaskar #Kafir screenshot #Face book post

Next TV

Top Stories










News Roundup






Entertainment News