വടകര: മടപ്പള്ളി ഗവ.കോളജില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ കാന്റീന്‍, ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 28ന് 3 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍വഹിക്കുമെന്ന് കെ.കെ രമ എം.എല്‍.എ അറിയിച്ചു. 4.32 കോടി ചിലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗത സംഘം 17 ന് കാലത്ത് 11 ന് കോളജ് സെമിനാര്‍ ഹാളില്‍ ചേരും. ഇത് സംബന്ധിച്ചുള്ള പ്രാഥമിക കൂടിയാലോചനയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജായ മടപ്പള്ളിയുടെ സര്‍വതോന്മുഖമായ വികസനമാണ് ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു.


പണി പുരോഗമിക്കുന്ന പിജിബ്ലോക്ക്, പ്രവര്‍ത്തി ആരംഭിക്കാനിരിക്കുന്ന ജൂബിലി ബില്‍ഡിങ്ങ്, വനിതാ ഹോസ്റ്റല്‍ വാച്ച്മാന്‍ റൂം,സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, കോളേജ് ചുറ്റുമതില്‍ തുടങ്ങിയവയുടെ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താനുള്ള ഇടപെടലുകള്‍ ഊര്‍ജിതമാക്കും.
കൂടിയാലോചന യോഗത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ യു.എം.സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ.ഒ.കെ ഉദയകുമാര്‍,കിറ്റ്‌കോ പ്രതിനിധികള്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍, വിദ്യാര്‍ഥി യൂനിയന്‍, സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Madappally College Canteen, Library building inaugurated on May 28