വടകര: (vatakara.truevisionnews.com)തെരഞ്ഞെടുക്കപ്പെട്ടാല്‍ വടകരയുടെ വികസനത്തിനായി സമഗ്ര പദ്ധതികള്‍ തയ്യാറാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. എട്ട് മേഖലകളിലായി ഇടപെടലുകള്‍ നടത്താനാണ് ആഗ്രഹം.


തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലഭിച്ച പ്രതികരണങ്ങള്‍ പ്രകാരമാണ് ഇത്തരമൊരു പ്ലാന്‍ മനസിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. ദേശീയപാതാ വികസനം നടന്നുവരുന്നുണ്ട്. അടിപ്പാതകള്‍, മേല്‍പ്പാതകള്‍ അതിന്റെ കൂടെ വരുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്.
അത്തരം കാര്യങ്ങളില്‍ ജനങ്ങളുടെ പക്ഷത്തുനിന്ന് ഇടപെടല്‍ നടത്തും. കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ മറ്റേതൊരു മണ്ഡലത്തെക്കാളും നേട്ടങ്ങള്‍ വടകരയ്ക്കായി നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
വടകരയില്‍ എയിംസ്, ഇഎസ്‌ഐ ആശുപത്രി ഉള്‍പ്പെടെയുള്ളവയ്ക്കായി ശ്രമങ്ങള്‍ നടത്തും. ആരോഗ്യമേഖലയില്‍ സ്വയംപര്യാപ്തത വരുത്തും. അടിയന്തര ആവശ്യങ്ങള്‍ക്ക് മറ്റു നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കേന്ദ്ര സര്‍വകാലാശാലകളില്‍ ഈ മേഖലയിലെ കുട്ടികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. കുട്ടികളുടെ കഴിവിനെ വിവിധ സ്ഥാപനങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം നിര്‍മിക്കും. ഇതിനായി സ്മാര്‍ട്ട് പാലക്കാട് മാതൃകയില്‍ പദ്ധതി തയ്യാറാക്കും. കായിക മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കും. ബൂട്ടില്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ സെലക്ഷന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കും. എംപീസ് ലീഗ് ഉള്‍പ്പെടെ ആരംഭിക്കും.
കളരിയെ ഭാവിയുമായി ബന്ധിപ്പിക്കും. ചെറുപ്പക്കാരെല്ലാം ഇവിടെ വലിയ തോതില്‍ ഊര്‍ജസ്വലരാണ്. അവയെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ പരിശ്രമിക്കും. തീരദേശത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാവും.
ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാക്കേജ് തയ്യാറാക്കും. കുറ്റ്യാടിത്തേങ്ങയുടെ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തും. നാളികേരത്തില്‍നിന്ന് ഉപോത്പന്നങ്ങള്‍ വര്‍ധിപ്പിക്കും. മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണും.
ഐടി മേഖലയില്‍ വടകര മണ്ഡലത്തില്‍ കാര്യമായ സംരംഭങ്ങളില്ല. അതിനു പരിഹാരം കാണാന്‍ ശ്രമിക്കും. ജോലിക്കായി സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകുന്നവര്‍ക്ക് ആകാം. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ പോകുന്ന സാഹചര്യം ഒഴിവാക്കും. കലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരിക്കും. സ്റ്റാര്‍ട്ടപ്പുകളെ പ്രൊമോട്ട് ചെയ്യുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
#Comprehensive #plan #Vadakara #successful #ShafiParampil