വില്യാപ്പള്ളി: (vatakara.truevisionnews.com) രോഗികൾക്ക് ആശ്വാസമായി തണൽ ഫാർമസി വില്യാപ്പള്ളിയിലും. സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ മരുന്നിന്റെ ചെലവ്.
ഇത്തരത്തിലുള്ളവർക്ക് സഹായകമായി ആരംഭിച്ച തണൽ ഫാർമസി ഇടനിലക്കാർ ഇല്ലാതെ, ലാഭം ലക്ഷ്യമാക്കാതെ, ഗുണമേന്മയിൽ ഒട്ടും കുറവ് വരുത്താതെ പരമാവധി വിലക്കുറവിൽ മരുന്നുകൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. ബ്രാൻഡഡ് മരുന്നുകൾക്ക് 20% വരെയും ജനറിക് മരുന്നുകൾക്ക് 50% വരെയും തണൽ ഫാർമസിയിൽ നിന്ന് ഇളവ് ലഭിക്കുന്നു.


കേരളത്തിലുടനീളം മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 100 തണൽ ഫാർമസികളിൽ ഇരുപത്തിയഞ്ചാമത് ഔട്‌ലെറ്റാണ് വില്യാപ്പള്ളി എംജെ ആശ ഹോസ്പിറ്റലിന് സമീപം തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഫാർമസിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ റഫീഖ് നിർവഹിച്ചു. ഡോ. ഇദ്രീസ് മുഖ്യാതിഥിയായി. ആദ്യവിൽപ്പന തണൽ ചെയർമാൻ ആർ.കെ അബ്ദുല്ലഹാജി കെ.സി കുഞ്ഞബ്ദുല്ലഹാജിക്ക് കൈമാറി. നവാസ് കോറോത്ത്, ടി.ഐ നാസർ, കെ.പി.എ മനാഫ് എന്നിവർ സംബന്ധിച്ചു.
Thanal Pharmacy now available Villiyapally