വടകര: (vatakara.truevisionnews.com) വടകര യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റി ഒരു മാസമായി നടത്തിവരുന്ന എം.ടി അനുസ്മരണ പരിപാടികൾ 17 ന് സമാപിക്കും.യുവകലാസാഹിതി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


17-ന് വൈകിട്ട് നാലുമണിക്ക് വടകര മുനിസിപ്പൽ സാംസ്‌കാരിക ചത്വരത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
വി.ടി.മുരളി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കെ.വി.സജയ്, കൽപറ്റ നാരായണൻ എന്നിവർ പ്രഭാഷണം നടത്തും. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.മുരളീകൃഷ്ണൻ, ചരിത്ര ഗ്രന്ഥകാരൻ പി.ഹരീന്ദ്രനാഥ്, ടി.കെ.വിജയരാഘവൻ, സോമൻ മുതുവന തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് എം.ടി കഥാപാത്രങ്ങളെ കുറിച്ചുള്ള ലൈറ്റ് & സൗണ്ട് ഷോ അരങ്ങേറും.എം.ടി മലയാളത്തിന്റെ സുകൃതം എന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി ജനുവരി 26ന് വൈക്കിലശ്ശേരിയിലും ഫെബ്രുവരി ഒന്നിന് വടകരയിലും പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾക്കായി എം.ടിയുടെ സാഹിത്യ സംഭാവനകളെ ആധാരമാക്കി സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു.
എട്ടാം തിയതി ശനി നാദാപുരം റോഡ് വാഗ്‌ഭടാനന്ദ പാർക്കിൽ എം.ടിയുടെ സാഹിത്യലോകം എന്ന സെമിനാർ പ്രശസ്ത പ്രഭാഷകൻ അജിത് കൊളാടി ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി അവതരിപ്പിക്കുന്ന ഗാനസുധ എന്ന പരിപാടി ഉണ്ടായിരിക്കും.
14 വെള്ളിയാഴ്ച പ്രാദേശിക ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ എം.ടി കഥാപാത്രങ്ങളുടെ നേരാവിഷ്കാരം നടത്തും രാംദാസ് വടകര ഉദ്ഘാടനം ചെയ്യും.16 ഞായറാഴ്ച വൈകീട്ട് കാർത്തികപ്പള്ളിയിൽ എംടിയും മലയാള സാഹിത്യവും എന്നവിഷയത്തിൽ സെമിനാറും അനുമോദന സദസും നടക്കും.
പ്രൊഫ വീരാൻകുട്ടി, ഡോ. കെ.എം ഭരതൻ, കെ.വി ആനന്ദൻ എന്നിവർ പ്രഭാഷണം നടത്തും. സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ വി.ടി.മുരളി, ജനറൽ കൺവീനർ എൻ.പി.അനിൽകുമാർ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശശി കുമാർ പുറമേരി, മണ്ഡലം പ്രസിഡന്റ് കെ.പി.രമേശൻ എന്നിവർ പങ്കെടുത്തു.
#MT #commemoration #Yuva #Kalasahithi #17