വടകര: (vatakara.truevisionnews.com) ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ചോറോട് പെരുമന ഭാഗത്തും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം തേടി സിപിഎം. കഴിഞ്ഞ മഴക്കാലത്ത് എംഎസ്‌പി സ്‌കൂൾ പരിസരം, മുട്ടുങ്ങൽ വിഡിഎൽപി സ്ക്കൂൾ പരിസരം, സ്റ്റേഡിയം ഭാഗം, ഓലക്കണ്ടി മുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.


പ്രദേശത്തിന്റെ ഘടനയോ വെള്ളത്തിന്റെ ഒഴുക്കോ പരിഗണിക്കാതെ ഓവുചാലുകളും ചെറുപാലങ്ങളും നിർമിച്ചത് വീടുകളിൽ വെള്ളം കയറി കുടുംബങ്ങൾ ഒഴിഞ്ഞു പോവേണ്ട സ്ഥിതിയുണ്ടായി.
സമാനമായ അനുഭവം വരുന്ന വർഷകാലത്തും ഉണ്ടാവാതിരിക്കാൻ ദേശീയ പാത അതോറിറ്റിയും വഗാഡ് കമ്പനിയും ജാഗ്രത പുലർത്തണമെന്നും പാതി വഴിയിലായ ഓവുചാലുകളുടെയും പാതക്ക് കുറുകെയുള്ള പാലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും സിപിഎം ചോറോട് ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് ആവശ്യപ്പെട്ടു.
സിപിഎം ചോറോട്, ചോറോട് നോർത്ത് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ പ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി. പാത നിർമാണത്തിന്റെ ഭാഗമായി പടിഞ്ഞാറുഭാഗത്തുള്ള ഓവുചാലുകൾ പലയിടങ്ങളിലും മൂടപ്പെട്ട് കിടക്കുകയാണ്.
വാഗാഡിന്റെ പ്രൊജക്റ്റ് എൻജിനീയർ ജഗദീഷിനെ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു വരുത്തുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. മെയ് ആദ്യത്തെ ആഴ്ചക്കുള്ളിൽ തന്നെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവൃത്തി പൂർത്തീകരിക്കാമെന്ന് അധികൃതർ പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പു നൽകുകയുണ്ടായി. വെള്ളക്കെട്ട് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റിക്കും പരാതി നൽകി.
#CPM #needs #solve #Chorodu #waterlogging #problem #before #rains