വടകര: ( vatakaranews.com) വടകര-മാഹി കനാലിനുകുറുകെ കോട്ടപ്പള്ളിയിൽ പുതിയ ആർച്ച് പാലം വരുന്നു. നിലവിലുള്ള പാലം പൊളിച്ചാണ് പുതിയ ആർച്ച് പാലം നിർമിക്കുക. 47 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. ഇതിനായി 17.65 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു.
നിലവിലുള്ള പാലം പൊളിക്കൽ, പുതിയ ആർച്ച്പാലം നിർമിക്കൽ, അനുബന്ധറോഡ്-കനാൽ നിർമാണം, താത്കാലികറോഡ്-പാലം നിർമാണം, വൈദ്യുതലൈൻ-ജല അതോറിറ്റി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കൽ എന്നിവയ്ക്കെല്ലാം കൂടിയാണ് 17.65 കോടി രൂപയുടെ പ്രീക്വാളിഫിക്കേഷൻ ടെൻഡർ ക്ഷണിച്ചത്.
നടപടികൾ പൂർത്തിയായാലുടൻ കരാർ ഒപ്പുവെച്ച് പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ. പാലം പണിയുന്നതുവരെ ഗതാഗതത്തിനായി താത്കാലികപാലവും റോഡും നിർമിക്കും.
വടകരയിൽ നിന്ന് മേമുണ്ട-കോട്ടപ്പള്ളി വഴി ആയഞ്ചേരി, തീക്കുനി, വേളം, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലേക്കുപോകുന്ന പ്രധാനറോഡിലാണ് പാലമുള്ളത്. ഇത് പൊളിച്ച് അതേസ്ഥാനത്തുതന്നെ പുതിയ പാലം നിർമിക്കുമ്പോൾ ഗതാഗതത്തെ ബാധിക്കുമെന്നതിനാലാണ് താത്കാലികറോഡും കനാലിനുകുറുകെ താത്കാലികപാലവും നിർമിക്കുന്നത്. വടകര-കോട്ടപ്പള്ളി പാതയുടെ വലതുവശത്തായിരിക്കും താത്കാലികപാലവും റോഡും.
വടകര-മാഹി കനാൽ ദേശീയജലപാതാ നിലവാരത്തിൽ നവീകരിക്കുമ്പോൾ നീളംകുറഞ്ഞ സ്പാനിലുള്ള പാലം ജലഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് പുതിയപാലം നിർമിക്കാനുള്ള ശുപാർശ ഉൾനാടൻ ജലഗതാഗതവകുപ്പ് നൽകിയത്. ചെലവു കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ആർച്ച് പാലം നിർദേശിച്ചത്
#newarch #bridge #comingup #kottapalli