വടകര: (vatakara.truevisionnews.com)പുത്തൂരിലെ ഡയറ്റ് കേന്ദ്രത്തിൻ്റെ അപകടാവസ്ഥയിലായ പഴയ കെട്ടിടവും മതിലും കെ.കെ രമ എം.എൽ.എയും കലക്ടർ സ്നേഹിൽകുമാർ സിംഗും സന്ദർശിച്ചു. കഴിഞ്ഞ ദിവസം പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ യോഗത്തിനെത്തിയപ്പോഴാണ് സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും മതിലിൻ്റെയും കെട്ടിടത്തിൻ്റെയും അപകടാവസ്ഥ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.
അപ്പോൾ തന്നെ കെട്ടിടത്തിന്റെ അവസ്ഥ മനസ്സിലാക്കിയ എം.എൽ.എ ജില്ലാ കലക്ടറെ ഫോണിൽ വിളിച്ചു പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സ്കൂൾ വിദ്യാർഥികൾ നടന്നു പോകുന്ന ഈ വഴി താൽക്കാലികമായി അടക്കുകയും ഇതിലൂടെയുള്ള ഗതാഗതം അവസാനിപ്പിക്കുകയും ചെയ്തു.


ഇതേ തുടർന്ന് കലക്ടറും ആർ.ഡി.ഒയും അടങ്ങുന്ന സംഘം എം.എൽ.എ നേതൃത്വത്തിൽ ഇന്ന് സ്ഥലത്ത് എത്തി അപകടാവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെടുകയായിരുന്നു.
കാല വർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കെട്ടിടവും മതിലും പൊളിച്ചു നീക്കി അപകട സാധ്യത ഒഴിവാക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചതായും, നാട്ടുകാരും വിദ്യാർഥികളും ഒരുപോലെ ഉപയോഗിക്കുന്ന വഴിയായതിനാൽ ഉടൻ ഇതിന് പരിഹാരം കാണണമെന്നും, എം എൽ എ ആവശ്യപ്പെട്ടു.
ആർ.ഡി.ഒ അൻവർ സാദത്ത്, ഡയറ്റ് പ്രിൻസിപ്പൽ, പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി ബിന്ദു,പ്രധാനാധ്യാപകൻ എം. റഷീദ്, പി.ടി.എ പ്രസിഡൻ്റ് പി.എം. ജയപ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
MLA and Collector visit the dilapidated building and wall of Vadakara Diet