കടമേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിൽ കഴിഞ്ഞ നാലു വർഷമായി സേവനം ചെയ്തുവരുന്ന മെഡിക്കൽ ഓഫീസർ ഡോ. ജി.ദർശനക്ക് നാട്ടുകാർ ചേർന്ന് ജനകീയ യാത്രയയപ്പ് നൽകി. ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
കീരിയങ്ങാടി വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറിയിലേക്കാണ് ഡോക്ടർ ആദ്യമായി എത്തിയത്. തുടർന്ന് ആധുനിക സൗകര്യത്തോടെ നിർമ്മിച്ച വിശാലമായ സ്വന്തം കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ആശുപത്രിയുടെ ഉദ്ഘാടനത്തിനും തുടർന്നുള്ള പ്രവർത്തനത്തിനും ഡോക്ടറുടെ പങ്ക് വളരെ വലുതാണ്. ആശുപത്രി വികസന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചർച്ച ചെയ്യുകയും നടപ്പിൽ വരുത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിക്ക് ആകർഷകമായ പേര് എഴുതിയ കമാനം സ്ഥാപിക്കുകയും ആശുപത്രി കോമ്പൗണ്ടിനകത്ത് ഔഷധത്തോട്ടം നിർമ്മിക്കുകയും കിണറിന് കമ്പിവേലി സ്ഥാപിക്കുകയും ചെയ്തത് ഡോക്ടർ സ്വയം മുൻകൈയെടുത്താണ്. പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളെയും സഹായത്താൽ രോഗികൾക്ക് ശുദ്ധജലം കുടിക്കാനുള്ള സൗകര്യവും വലിയ സ്ക്രീനോടുകൂടിയ ടെലിവിഷൻ സെറ്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അതിലുപരിയായി ഡോക്ടറെ തേടി വരുന്ന രോഗികൾക്ക് വശ്യമായ പെരുമാറ്റത്തിലൂടെ നല്ല ചികിത്സയും നൽകി. ഡോക്ടറുടെ അവഗാഹവും കൈ പൊരുത്തവും അനുഭവിച്ചറിഞ്ഞവർ മറ്റു ചികിത്സയിൽ നിന്ന് മാറി ആയുർവേദം തെരഞ്ഞെടുത്തവരും നിരവധിയാണ്.
സർക്കാറിന്റെ ഫണ്ടും എച്ച്.എം.സി ഫണ്ടും കാത്തുനിൽക്കാതെ സ്വന്തം ചെലവിൽ ചെയ്ത പ്രവർത്തനങ്ങളും നിരവധിയാണ് ' വർദ്ധിച്ചുവരുന്ന രോഗികളുടെ ബാഹുല്യം കാരണം പഞ്ചായത്തിന് ഓരോ വർഷവും മരുന്നിനും മറ്റുമായി കൂടുതൽ ഫണ്ട് അനുവദിക്കേണ്ടിയും വന്നിട്ടുണ്ട്.
തിരക്കിനിടയിലും പാലിയേറ്റീവ് കെയറിന് പോകാൻ ഡോക്ടർ സമയം കണ്ടെത്തിയിരുന്നു. മൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ടി.കെ. ഹാരിസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സിലി, വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, ആശാവർക്കർ എം.ടി.കെ. ബീന, പാലിയേറ്റീവ് നേഴ്സ് പ്രമുഷ, ടി.വി. ഷമീർ, എം.എ. അബ്ദുസ്സലാം, സഹദ് പറമ്പത്ത്, രമേശൻ കടമേരി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ടി.കെ. ഹാരിസ് ഡോക്ടർക്ക് ഉപഹാരം നൽകി.
Kadameri Ayanjary Grama Panchayat gave a public farewell to the Ayurveda Dispensary Doctor













































