ആയഞ്ചേരി:(vatakara.truevisionnews.com) യു. എ. ഇയിലെ കടമേരി സ്വദേശികളുടെ കൂട്ടായ്മയായ 'ഖിദ്മ' യുടെ ആഭിമുഖ്യത്തിൽ വേളം മണിമല ആക്ടീവ് പ്ലാനറ്റിൽ 'ഖിദ്മോത്സവം' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുറിച്ചാണ്ടി നിർവ്വഹിച്ചു.
വിവിധ ഘട്ടങ്ങളിലായി പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രവാസി പെൻഷൻ താളം തെറ്റിയ നിലയിലാണ്. ഒന്നും രണ്ടും മാസം കഴിഞ്ഞാണ് പലപ്പോഴും പെൻഷൻ ലഭിക്കുന്നത്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ഇത് കാരണം ചികിത്സക്കും മറ്റും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.




ഏറെ കൊട്ടി ഘോഷിച്ച് ആരംഭിച്ച പ്രവാസി ഇൻഷുറൻസ് പദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൻ്റെ സാമ്പത്തിക മേഖലക്ക് കരുത്തു പ്രകർന്ന പ്രവാസികളെ ചേർത്തു പിടിക്കേണ്ട സർക്കാർ, അവരെ വെറും കറവ പശുക്കളായി മാത്രം കാണുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.
പ്രവാസി ക്ഷേമത്തിന്നായി സർക്കാർ വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻ്റ് ഫൈസൽ ചാലിൽ അധ്യക്ഷനായി. പ്രശസ്ത മോട്ടിവേഷൻ സ്പിക്കറായ മനോജ് മൈഥിലി ക്ലാസ് എടുത്തു. പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് വെള്ളിലാട്ട്,
കാട്ടിൽ മൊയ്തു, ടി. കെ. ഹാരിസ്, കടമേരി എം. യു. പി. സ്കൂൾ പ്രധാനാധ്യാപകൻ ടി. കെ. നസീർ, ടി. പി. ഷാനിഫ് എന്നിവർ സംസാരിച്ചു. ഹാഫിള് നജിൽനാസർ ഖിറാഅത്ത് നടത്തി. നാസർ ഒതയോത്ത് സ്വാഗതവും എം. കെ. അഷറഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
'Khidmotsavam'; Government should be prepared to implement promises made to expatriates
































                                    




