വടകര: (vatakara.truevisionnews.com)പ്രശസ്ത നൃത്താധ്യാപികയും ഗായികയുമായ രാധാ രാജൻ (76) അന്തരിച്ചു. മലബാറിലെ സ്കൂൾ കോളേജ് കലോത്സവ വേദികളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ മത്സര രംഗത്ത് പങ്കെടുപ്പിച്ചിട്ടുള്ള പ്രശസ്ത നൃത്താധ്യാപികയാണ് രാധാ രാജൻ.
ബാലുശ്ശേരിയിലെ സഹോദരിയുടെ വീട്ടിൽ വച്ച് കഠിനമായ ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മലബാർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മദ്ധ്യേയാണ് മരണം സംഭവിച്ചത്. വർഷങ്ങൾക്ക് മുമ്പ് വടകര താലൂക്കിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെയും വിദ്യാർത്ഥിനികൾ രാധടീച്ചറുടെ ശിക്ഷണത്തിലൂടെയായിരുന്നു സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം,നാടോടി നൃത്തം തുടങ്ങിയ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടിയത്.




നന്മണ്ട സ്വദേശിയായ സംഗീതജ്ഞൻ കേളു ഭാഗവതരുടേയും കുഞ്ഞി ലക്ഷ്മിയുടേയും മകളായ രാധയെ വടകരയിലെ അറിയപ്പെടുന്ന തബല വിദ്വാൻ പരേതനായ പുതുപ്പണം രാജൻ വിവാഹം കഴിച്ചതോടെയാണ് രാധ രാധാരാജനാവുന്നത്. കലാ രംഗത്താണെങ്കിൽ പോലും സ്ത്രീകൾ പൊതുവേദികളിലേക്ക് എത്തുന്നതിൽ, കുടുബത്തിലും സമൂഹത്തിലും ശക്തമായ എതിർപ്പും അധിക്ഷേപങ്ങളുമുണ്ടായിരുന്ന കാലത്ത് അതൊന്നും വകവെയ്ക്കാതെയാണ് രാധടീച്ചർ തന്റെ കലാസപര്യയ്ക്ക് തുടക്കമിട്ടത്.
കലാകാരനും, സഹപ്രവർത്തകനുമായ ഭർത്താവിന്റെ ശക്തമായ പിന്തുണ തന്നെയാണ് രാധ ടീച്ചർക്ക് തന്റെ കലാ പ്രവർത്തന മേഖലയിൽ മികവു കാട്ടാൻ സാധിച്ചത്. വാർദ്ധക്യ സഹജമായ പ്രയാസങ്ങളാൽ കലാരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു രാധാ രാജൻ.
മക്കൾ: ലിനി, ലിജി,പ്രശസ്ത തബല കലാകാരൻ ലാൽ വടകര
മരുമക്കൾ: സദാനന്ദൻ (കോഴിക്കോട് ) പ്രശാന്ത് (പുതുപ്പണം) ഗിൽസ ( ഉള്ള്യേരി )
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ,ദിനേശൻ,ജയശ്രീ, പരേതരായ ത്യാഗരാജൻ, വിജയൻ മാസ്റ്റർ.
Famous dance teacher of Malabar Radha Rajan passed away