വടകര:(vatakara.truevisionnews.com) കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് പേരുടെ ജീവനെടുത്ത ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ, സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ (DTC) അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. അപകടങ്ങൾ സംബന്ധിച്ച് ഗുരുതരമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടത്.
അപകടത്തിൽപ്പെട്ട ബസ് റൂട്ട് മാറി ഓടിച്ചതിന്റെ തെളിവുകൾ പുറത്തുവന്നതായി വി.പി. ദുൽഖിഫിൽ പ്രസ്താവനയിൽ ആരോപിച്ചു. കൂടാതെ, അപകടമുണ്ടാക്കിയ ബസിൽ സി.സി.ടി.വി. കാമറ ഇല്ലാത്തത് ഗുരുതരമായ നിയമലംഘനമാണ്. അനധികൃതമായി സർവീസ് നടത്തി രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ബസിന് ഓടാൻ ഒത്താശ ചെയ്തത് ആർ.ടി.ഒ. ഓഫീസിലെ ജീവനക്കാരനും ബസ് ഉടമയുടെ ബന്ധുവുമാണെന്ന ഗുരുതരമായ പരാതി ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി താത്കാലിക പെർമിറ്റുകൾ നൽകുന്നതിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്ന പരാതിയും യൂത്ത് കോൺഗ്രസ് ഉന്നയിച്ചു. ആർ.ടി.ഒ. ഓഫീസിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഈ വിഷയത്തിൽ ഉടൻ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു.
Youth Congress demands investigation into private bus accident in Vadakara by Deputy Transport Commissioner









































