വടകര: [vatakara.truevisionnews.com] എസ് മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ് പൂർണമായും ഉന്നത നിലവാരത്തിലേക്ക് ഉയരുന്നു. 8.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ നവീകരണത്തിനായി രണ്ടാം എൽ.ഡി.എഫ് സർക്കാർ നാല് ഘട്ടങ്ങളിലായി ആകെ 5.9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ അഭ്യർത്ഥനയെ തുടർന്നാണ് തുക ലഭ്യമായത്. റോഡ് പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങൾക്കായി അനുവദിച്ച തുകയുടെ വിവരങ്ങൾ ഇങ്ങനെയാണ്: ഒന്നാം ഘട്ടത്തിൽ എസ് മുക്ക് മുതൽ വള്ളിയാട് വരെ രണ്ട് കോടി രൂപയും, രണ്ടാം ഘട്ടത്തിൽ വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെ 75 ലക്ഷം രൂപയും മാറ്റിവെച്ചു.
മൂന്നാം ഘട്ടത്തിൽ കോട്ടപ്പള്ളി മുതൽ കണ്ണമ്പത്തുകര വരെ 65 ലക്ഷം രൂപയും, അവസാന ഘട്ടത്തിൽ കണ്ണമ്പത്തുകര മുതൽ തിരുവള്ളൂർ വരെ രണ്ടരക്കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.
എം.എസ്.എസ് (MSS) നിലവാരത്തിൽ ഡ്രെയ്നേജുകളും കൾവെർട്ടുകളും ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ് ഇതിന്റെ നിർവഹണ ചുമതല. ദീർഘകാലമായി എസ് മുക്ക്, കോട്ടപ്പള്ളി, തിരുവള്ളൂർ മേഖലകളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകും.
S Mukku - Thiruvallur Road Development









































