വടകര: (vatakara.truevisionnews.com) ആഘോഷങ്ങൾ നടക്കുന്ന വീടുകളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളുടെ മാല കവരുന്നത് പതിവാകുന്നു. കെ.ടി. ബസാറിലും മുട്ടുങ്ങലിലുമായി രണ്ട് കുട്ടികളുടെ സ്വർണമാലകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയത്.
കെ.ടി. ബസാർ വിവാഹവിരുന്ന് നടക്കുന്നതിനിടെ രണ്ട് വയസുള്ള കുട്ടിയുടെ 8 ഗ്രാം സ്വർണമാല നഷ്ടപ്പെട്ടു. മുട്ടുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഗൃഹപ്രവേശ ചടങ്ങ് നടന്ന വീട്ടിൽ ഒന്നര വയസുള്ള കുട്ടിയുടെ 9 ഗ്രാം മാലയാണ് കവർന്നത്.
രണ്ട് സംഭവങ്ങളിലും വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.സൽക്കാരങ്ങളിലും കല്യാണ ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ ചെറിയ കുട്ടികളെ സ്വർണാഭരണങ്ങൾ ധരിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. തിരക്കുള്ള ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്.
Children's gold necklaces stolen from party houses; Police urge caution









































