#latest news #Koo...hu drama #Vadakara Town Hall
വടകര: (vatakara.truevisionnews.com) ചരിത്രത്തിന്റെ തീഷ്ണാനുഭവങ്ങളെ കോർത്തിണക്കി ചുട്ടുപൊളിക്കുന്ന വർത്തമാനകാല നേരുകൾ വരച്ചുകാട്ടുന്ന, ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ലിറ്റിൽ എർത്ത് തിയറ്ററിൻ്റെ 'കൂ..ഹു' എന്ന പ്രശസ്തമായ നാടകം ഇന്ന് വൈകുന്നേരം 6.30 ന് വടകര ടൗൺ ഹാളിൽ അരങ്ങേറുന്നു . തീവണ്ടി നായകനാവുന്ന ഈ നാടക യാത്രയിൽ അതിൻ്റെ ബോഗികൾ നിറയെ കഥകളാണ്.
അത് രാഷ്ട്രീയവും ചരിത്രവും മിത്തുകളും നർമ്മവും തത്ത്വചിന്തയും കോർത്തു വേദിയിൽ നിറയുന്നു. വർത്തമാന ലോകത്തിന്റ നെഞ്ചകത്തിലൂടെയാണ് ഈ തീവണ്ടി സഞ്ചരിക്കുന്നത്. ഒരു ജനതയുടെ കദനവും കണ്ണീരും പ്രതീക്ഷകളുമാണ് തീക്ഷണമായ ഈ അരങ്ങ് പങ്കുവയ്ക്കുന്നത്. നിരവധി ദേശീയ നാടകോത്സവങ്ങളിൽ അവതരിപ്പിക്കപ്പട്ട ഈ നാടകത്തിൻ്റെ രചനയും സംവിധാനവും പ്രശസ്ത നാടകപ്രവർത്തകൻ അരുൺ ലാലാണ്. പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖലയാണ് നാടക അവതരണം സംഘടിപ്പിക്കുന്നത്.
ചരിത്രത്തിലേക്ക് കറുത്ത പുക തുപ്പി എത്തുന്ന തീവണ്ടി അധിനിവേശത്തിന്റെ അടയാളമായി നാടകത്തിൽ മാറുന്നുണ്ട്. ചരിത്രത്തിൽ തിരസ്ക്കരിക്കപ്പെട്ട സത്യങ്ങളെയും നിഗൂഢതകളെയും കൂഹു.. പുനർവായിക്കുന്നു.ലളിതവും സത്യസന്ധവുമായ രംഗപരിചരണത്തിൽ സംവിധായകൻ അരുൺ ലാലിന്റെ കൃത്യതയാർന്ന സവിധാന മികവാണ് നാടകത്തിന്റ സവിശേഷത.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. കൊളോണിയൽ അധിനിവേശം, ഗാന്ധിജിയുടെ ആഫ്രിക്കയിൽ നിന്നുള്ള വരവ്,വിപ്ളവകാരികളുടെ ട്രെയിൻ ആക്രമണങ്ങൾ, സ്വാതന്ത്ര്യസമര മുഹൂർത്തങ്ങൾ, വിഭജനത്തിന്റെ ചോര ചാലുകൾ തുടങ്ങി ഇന്ത്യ താണ്ടിയ ചരിത്രമുഹൂർത്തങ്ങർ തീവണ്ടി ബോഗികളുടെ താളച്ചുവട്ടിൽ അരങ്ങിലെത്തുന്നു. ലോകത്തെവിടെയുമുള അഭയാർത്ഥികളുടെ കണ്ണീരും കഥനവും നാടകം പങ്ക് വെക്കുന്നു. സമാധാനത്തിനും സമത്വത്തിനും കാത്തിരിക്കുന്ന ജനതയുടെ പ്രതീക്ഷയാണ് ഈ നാടകം.
Content Highlight: Koo...hu play to be staged at Vadakara Town Hall today











































