#Latest news #Vadakara #Vilangad forest #Kurikalad #Case
വടകര:(https://vatakara.truevisionnews.com/) അനുമതിയില്ലാതെ വിലങ്ങാട് വനമേഖലയിൽ അതിക്രമിച്ചു കയറി കുടുങ്ങിപ്പോയ വടകര കുരിക്കലാട് സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം. നിലവിൽ മൂവരും വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമായതിനാൽ, യുവാക്കൾ കാട്ടിൽ കയറിയത് എന്തിനാണെന്നതിനെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തും.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കാട്ടിനുള്ളിൽ നിന്ന് വെളിച്ചവും ശബ്ദവും കേട്ടതായി നാട്ടുകാരാണ് വിവരമറിയിച്ചത്. വനാതിർത്തിയിൽ ഇവരുടെ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു.
പകൽ സമയത്തുപോലും വഴിതെറ്റാൻ സാധ്യതയുള്ള, വയനാട് മലനിരകളോട് ചേർന്നുനിൽക്കുന്ന അതിദുർഘടമായ വനമേഖലയിലാണ് യുവാക്കൾ അകപ്പെട്ടത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്. ചെങ്കുത്തായ വനപാതയിലൂടെ ഒന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിച്ചാണ് പന്ത്രണ്ടംഗ രക്ഷാപ്രവർത്തക സംഘം ഇവരുടെ അടുത്തെത്തിയത്.
വൈകുന്നേരം നാല് മണിയോടെ കാട്ടിൽ കയറിയ ഇവർ നേരം ഇരുട്ടിയതോടെ വഴിയറിയാതെ കാട്ടിൽ കുടുങ്ങുകയായിരുന്നു. വാളൂക്ക് അത്തായക്കൊത്ത് എന്ന സ്ഥലത്തുനിന്നാണ് മൂവരെയും രക്ഷപെടുത്തി വനംവകുപ്പിന് കൈമാറിയത്.
Content Highlight: Instructions to file a case against three youths from Kurikalad, Vadakara who were trapped in the Vilangad forest














































