#Latest news #Chorodu #Female health inspector #Assault #Inspect waste
വടകര: (vatakara.truevisionnews.com) ചോറോട് ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പരിശോധിക്കാനെത്തിയ വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി.
ചോറോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് 8 വൈക്കിലശ്ശേരിയിലെ മജീദ് പുനത്തിൽ എന്നയാൾക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതാ ജീവനക്കാരെ ആക്രമിച്ചതിനും പോലീസിൽ പരാതി നൽകിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. മജീദിന്റെ വീട്ടുപറമ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പരസ്യമായി കത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. വാർഡ് മെമ്പർ പ്രജിഷ, ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷി, പ്രേരക് ബവിത എന്നിവരാണ് സ്ഥലത്തുണ്ടായിരുന്നത്.
പരിശോധനയ്ക്കിടെ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷിയുടെ കൈ മജീദ് ബലമായി പിടിച്ച് തിരിക്കുകയും ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഉദ്യോഗസ്ഥ വേദനകൊണ്ട് നിലവിളിച്ചിട്ടും ഇയാൾ കൈവിടാൻ തയ്യാറായില്ലെന്നും തങ്ങളെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായും ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ജൂലൈ 7-ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കാനെത്തിയ ഹരിതകർമ്മസേന അംഗത്തോടും ഇയാൾ സമാനമായ രീതിയിൽ മോശമായി പെരുമാറിയിരുന്നതായി വിവരമുണ്ട്.
സർക്കാർ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരും ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Complaint alleging assault on female health inspector who came to inspect waste in Chorod
#Latest news #Chorodu #Female health inspector #Assault #Inspect waste













































