വടകര: (vatakara.truevisionnews.com) കാറിടിച്ച് സ്ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്ത സംഭവത്തില്‍ കാര്‍ കണ്ടെത്തി ഒരുമാസമായിട്ടും കാറോടിച്ചയാളെ നാട്ടിലെത്തിക്കാനായില്ല.
പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീല്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ ഇപ്പോഴും യു.എ.ഇ.യിലാണുള്ളത്.
പെട്ടെന്നുതന്നെ ഇയാളെ നാട്ടില്‍ക്കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നാണ് കാര്‍ കണ്ടെത്തിയസമയത്ത് കോഴിക്കോട് റൂറല്‍ എസ്.പി.യുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയത്.
എന്നാല്‍, ഒരുമാസവും ഒരാഴ്ചയും പിന്നിട്ടിട്ടും എപ്പോള്‍ നാട്ടിലെത്തുമെന്നതുസംബന്ധിച്ച് വ്യക്തതയില്ല. ഇയാളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
2024 ഫെബ്രുവരി 17-ന് രാത്രി ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും പേരമകള്‍ ദൃഷാനയെയും (ഒന്‍പത്) കാറിടിച്ചത്. കാര്‍ നിര്‍ത്താതെപോയി. അപകടത്തില്‍ ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയിലുമായി. ഇപ്പോഴും ദൃഷാനയുടെ സ്ഥിതിയില്‍ മാറ്റമില്ല.
കാര്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാത്തതുള്‍പ്പെടെ വാര്‍ത്തയായപ്പോള്‍ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു.
തുടര്‍ന്ന്, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കുകയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഡിസംബര്‍ ആറിന് കാര്‍ കണ്ടെത്തുകയും ചെയ്തു. അപകടം നടന്ന് ഒരുമാസത്തിനുശേഷമാണ് ഷെജീല്‍ യു.എ.ഇ.യിലേക്കുമടങ്ങിയത്.
കാര്‍ കസ്റ്റഡിയിലെടുത്തശേഷം പോലീസ് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ഉടന്‍ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇതിനിടെ അയാള്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയെങ്കിലും അത് തള്ളി.
ഇയാളെ കൊണ്ടുവരുന്നതില്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഷെജീല്‍ വരുന്നതിന് കാത്തുനില്‍ക്കാതെ കേസില്‍ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ഇതിനിടെ അപകടത്തില്‍ സാരമായി പരിക്കേറ്റ ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരുമാസംമുന്‍പ് ഡിസ്ചാര്‍ജായെങ്കിലും വീണ്ടും പനിയുള്‍പ്പെടെ പിടിപെട്ടതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷം ആശുപത്രിയില്‍ തിരിച്ചെത്തി. വിദഗ്ധ ചികിത്സയ്ക്കായി വലിയ ചെലവുവരുന്നുണ്ട്. 10 മാസമായിത്തുടരുന്ന ചികിത്സ കുടുംബത്തെ സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ട്.
#Car #accident #Vadakara #Accused #Shejeel could #brought #home #month