വടകര: (vatakara.truevisionnews.com) കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ 62-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം ഏപ്രിൽ 5,6 തിയതികളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്‌കുളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 'ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യം - ചരിത്രവും അതിഭൗതികാഖ്യാനങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. ടി എസ് ശ്യാംകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയാവും. 'നിർമ്മിത ബുദ്ധിയും നമ്മുടെ ഭാവിയും' എന്ന വിഷയത്തിൽ ഡോ. ജിജോ പി ഉലഹന്നാൻ നടത്തുന്ന പ്രഭാഷണം സമ്മേളനത്തിൻ്റെ രണ്ടാം ദിവസം നടക്കും. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമതി അംഗം ഡോ. വി കെ ബ്രിജേഷ് സംഘടനാ രേഖ അവതരിപ്പിക്കും.
സമ്മേളത്തിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി അനുബന്ധ പരിപാടികൾ നടന്നു. ശാസ്ത്ര സംവാദ സദസ്സുകൾ, ശിശുവിദ്യാദ്യാസ ശിൽപ്പശാല, പരിഷത്തോർമ്മ എന്ന പേരിൽ പൂർവ്വകാല പരിഷത്ത് പ്രവർത്തകരുടെ സംഗമം, പ്രൈമറി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ശാസ്ത്ര കൗതുകം, രക്ഷിതാക്കളുടെ സംഗമം, ആകാശക്കാഴ്‌ച - നക്ഷത്ര നിരീക്ഷണ പരിപാടി, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ നടന്നു മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ സംഗീത ട്രൂപ്പ് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിക്കും.
സമ്മേളനത്തിന്റെ സാമ്പത്തിക സമാഹരണത്തിനായി പുസ്‌തകങ്ങൾ, പരിഷത്ത് ഉത്പന്നങ്ങളായ ലിക്വിഡ് സോപ്പ് കിറ്റുകൾ, ചുടാറപ്പെട്ടികൾ എന്നിവ പ്രചരിപ്പിച്ചിട്ടുണ്ട്. കെ കെ ബിജുള ചെയർമാനും കെ വിജയൻ ജനറൽ കൺവീനറും, ടി മോഹൻദാസ് പ്രോഗ്രം കൺവീനറുമായ സ്വാഗതസംഘമാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർപേഴ്സൺ കെ കെ ബിജുള, കെ വിജയൻ, ടി മോഹൻദാസ്, എ ശശിധരൻ, വി കെ സതീശൻ എന്നിവർ പങ്കെടുത്തു.
#SastraSahityaParishad #districtconference #Memunda