Aug 8, 2025 12:28 PM

വടകര: (vatakara.truevisionnews.com) വടകര ദേശീയപാതയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയ സംഭവത്തിൽ നടപടിയുമായി ആർ ടി ഒ. ഇടിച്ച സ്വകാര്യബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസ് ഓടിച്ച ഡ്രൈവർ സതീഷിന്റെയും കണ്ടക്ടർ പി പി ദിലീഷിന്റെയും ലൈസൻസാണ് വടകര ആർ ടി ഒ സസ്പെൻഡ് ചെയ്തത്. സതീഷിന്റെ ലൈസൻസ് ആറ് മാസത്തേക്കും പി പി ദിലീഷിന്റെ ലൈസൻസ് ഒരു മാസത്തേക്കും സസ്‌പെൻഡ് ചെയ്തതായി ആർ ടി ഒ ഓഫീസർ പി രാജേഷ് അറിയിച്ചു.

അപകടത്തിന് ശേഷം പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിക്കാൻ മുൻകൈയ്യെടുക്കാത്തതിനാണ് കണ്ടക്ടർക്കെതിരെ നടപടി. രണ്ടുപേരും അഞ്ച് ദിവസത്തെ റോഡ് സുരക്ഷാ ട്രൈനിങ്ങിന് ഐ ഡി ടി ആർ എടപ്പാളിൽ പങ്കെടുക്കണം. കൂടാതെ, മെഡിക്കൽ കോളേജിൽ ഒരു മാസം സേവനം നടത്തുകയും വേണം. വടകര കരിമ്പനപാലം സ്വദേശി ആകാശിനെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ടാലെന്റ്റ് ബസ് തട്ടി തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ച് വീണ ആകാശിന് ഗുരുതരമായി പരിക്കേറ്റു.

ആകാശ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബസിന് പിന്നാലെയെത്തിയ വാഹന യാത്രികരാണ് പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന് പിന്നാലെ നിർത്താതെ പോയ സ്വകാര്യ ബസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ സ്റ്റാൻ്റിലെത്തി ബസിന് മുകളിൽ കൊടി കെട്ടി തടഞ്ഞു.

പുതിയ സ്റ്റാൻ്റിൽ മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് തടയാൻ നേതൃത്വം നൽകിയ ആളാണ് ആകാശ് എന്നും ബോധപൂർവ്വം ഇടിച്ച് തെറിപ്പിച്ചതായി സംശയമുണ്ടെന്നും ഡി വൈ എഫ് നേതാക്കൾ പറഞ്ഞു. വടകര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

Private bus hits passenger in Vadakara Driver and conductor's licenses suspended

Next TV

Top Stories










News Roundup






//Truevisionall