പയ്യോളി:(https://vatakara.truevisionnews.com/) തലമുറകളായി പകർന്നു കിട്ടിയ പരമ്പരാഗത ശിൽപ കലയുടെ പെരുമയുമായി ആറന്മുളക്കണ്ണാടി നിർമ്മാണ വിദഗ്ധൻ സെൽവരാജ് സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ. മുത്തച്ഛൻ കൃഷ്ണൻ ആചാരിയിൽ നിന്നും പിതാവ് അർജുൻ ആചാരിയിൽ നിന്നുമാണ് സെൽവരാജ് ആറന്മുളക്കണ്ണാടിയുടെ അപൂർവ്വമായ രഹസ്യക്കൂട്ടുകൾ സ്വായത്തമാക്കിയത്.
തന്റെ പതിനാലാം വയസ്സിൽ നിർമ്മാണരംഗത്തേക്ക് കടന്ന സെൽവരാജ് 2022-ലെ മികച്ച കരകൗശല വിദഗ്ധനുള്ള പുരസ്കാര ജേതാവ് കൂടിയാണ്. പ്രത്യേക അനുപാതത്തിലുള്ള ലോഹസങ്കരങ്ങൾ ഉപയോഗിച്ചാണ് ഓരോ കണ്ണാടിയും നിർമ്മിക്കുന്നത്.
വിശ്വകർമ്മജർക്കിടയിൽ മാത്രം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ ലോഹക്കൂട്ടിന്റെ കൃത്യമായ അനുപാതം ഇന്നും രഹസ്യമായി തുടരുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ തനിപ്പകർപ്പുകൾ നിർമ്മിക്കുക അസാധ്യമാണ്.
2004-ൽ ലഭിച്ച ഭൗമസൂചിക പദവി പ്രകാരം ആറന്മുള ഭൂപ്രദേശത്തുള്ളവർക്ക് മാത്രമേ ഈ കണ്ണാടി നിർമ്മിക്കാൻ അനുവാദമുള്ളൂ. വിഗ്രഹങ്ങൾ നിർമ്മിക്കുന്ന അതേ ലോഹസങ്കരമാണ് ഇതിനുപയോഗിക്കുന്നത്.
വാർത്തെടുക്കൽ മുതൽ മിനുക്കിയെടുക്കൽ വരെയുള്ള മുഴുവൻ ജോലികളും കൈകൊണ്ടുതന്നെ ചെയ്യേണ്ടതുണ്ട്. ഒരു കണ്ണാടി പൂർത്തിയാക്കാൻ ചുരുങ്ങിയത് നാല് ദിവസത്തെ പരിശ്രമം ആവശ്യമാണെന്ന് സെൽവരാജ് പറയുന്നു. ഇത് ഏഴാം തവണയാണ് സെൽവരാജ് സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമാകുന്നത്.
Aranmula mirror in Sargalaya










































