വടകര: (https://vatakara.truevisionnews.com/) കുട്ടികൾക്ക് ശാസ്ത്രാന്വേഷണത്തിനുള്ള അവസരമൊരുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) സജ്ജം. അവധിക്കാലം പ്രയോജനപ്പെടുത്തി ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര ലാബുകളിലും ഓപ്പൺ സയൻസ് പാർക്കിലും വിർച്ച്വൽ ലാബിലും പരീക്ഷണങ്ങൾക്കായി നിരവധി കുട്ടികളാണ് എത്തുന്നത്. പാഠപുസ്തകങ്ങളിലെ ആശയങ്ങളും ദൈനംദിന ജീവിതത്തിലെ ശാസ്ത്ര തത്വങ്ങളും സ്വയം പരീക്ഷിച്ചു നോക്കാൻ ലാബുകളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശന്റെ പേരിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ 5 ഹാളുകളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫിസിക്‌സ് സോണ്‍, മാത്‌സ് സോണ്‍, കെമിസ്ട്രി & ബയോളജി സോണ്‍, ഔട്ട്‌ഡോര്‍ സയന്‍സ് പാര്‍ക്ക്, വി ആര്‍ എക്‌സ്പീരിയന്‍സ് സോണ്‍ എന്നിങ്ങനെയാണ് അഞ്ചു വിഭാഗങ്ങള്‍.
വടകര വിദ്യാഭ്യാസ ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നായി എല്‍എസ്എസ് പരീക്ഷയില്‍ മികവു തെളിയിച്ച എഴുപതോളം ലിറ്റില്‍ മാസ്റ്റേഴ്‌സ് അംഗങ്ങളാണ് ലാബിലെ ആദ്യ സന്ദര്‍ശനത്തിനും അനുഭവ പഠനം സാധ്യമാക്കാനുമായി എത്തിച്ചേര്‍ന്നത്. ലിറ്റില്‍ മാസ്റ്റേഴ്‌സിനൊപ്പം 7 ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരും കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും ലാബിലെ അനുഭവാധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാനും ആസ്വദിക്കാനുമായി എത്തി.
അവധിക്കാലം സയൻസിനൊപ്പം ആഘോഷിക്കാനും ശാസ്ത്രവിഷയങ്ങൾ പ്രായോഗികമായി പഠിക്കാനും അവസരമൊരുക്കി കോഴിക്കോട് ഡയറ്റിലെ സയൻസ് ലാബ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 30 മുതൽ 70 വരെ കുട്ടികൾ അടങ്ങുന്ന സംഘത്തിന് ലാബ് സന്ദർശിക്കാവുന്നതാണ്.
ലിറ്റിൽ മാസ്റ്റേഴ്സ് ലാബ് സന്ദർശന പരിപാടിയുടെ ഭാഗമായി രജിസ്ട്രേഷനും സബ്ജില്ലാ ടീമുകളുടെ ഗ്രൂപ്പ് ഫോട്ടോ സെഷനും നടന്നു. ഉദ്ഘാടന ചടങ്ങിൽ തോടന്നൂർ എ.ഇ.ഒ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ അബ്ദുന്നാസർ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ മാസ്റ്റേഴ്സിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ട് ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് അവതരിപ്പിച്ചു.
ജില്ലാ സയന്‍സ് ക്ലബ് സെക്രട്ടറി പ്രശാന്ത്, ശാസ്ത്രാധ്യാപകനും ശാസ്ത്ര പ്രചാരകനുമായ മനോ മോഹന്‍ എന്നിവര്‍ സംബന്ധിച്ചു. വടകര എഇഒ സുനില്‍ വി.കെ സ്വാഗതവും കുന്നുമ്മല്‍ എഇഒ രത്‌നവല്ലി കെ നന്ദിയും പറഞ്ഞു. രണ്ടാമത്തെ സെഷനില്‍ ലിറ്റില്‍ മാസ്റ്റേഴ്സ് അംഗങ്ങള്‍ 5 ഗ്രൂപ്പുകളായി സയന്‍സ് ലാബിലെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ലാബിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറ്റ് ഫാക്കല്‍റ്റീ പ്രേംജിത്ത് വി.ആര്‍, ജാനിഷ്, മനോമോഹര്‍, പ്രശാന്ത് ഡോ. രാഗിഷ എന്നിവര്‍ നേതൃത്വം നല്‍കി. 4 മണിക്കു നടന്ന സമാപന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മെമന്റോകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
Vacation with science; 'Diet' prepares a scientific wonder for children












































